യുവനിരയെ പരീക്ഷിക്കാന്‍ ഇന്ത്യ

gokulraj

നാളെ കൊല്‍കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ട്വന്‍ട്വി ട്വന്‍ട്വി ക്കിറങ്ങുന്നത് 2020 T20 ലോകകപ്പിനു മികച്ച യുവനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ട് തന്നെയാണ് അടുത്ത ഏകദിന ലോകകപ്പോടെ വിരമിക്കാന്‍ സാധ്യതയുള്ള മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിക്ക് വിശ്രമം നല്‍കിയത്.
ധോനിയുടെ അസാനിധ്യത്തില്‍ ഋഷബ് പന്തും ദിനേഷ് കാര്‍ത്തികും ആദ്യ പതിനൊന്നിലുണ്ടാകും. നിഹാസ് ട്രോഫി ഫൈനലിലെ മാസ്മരിക പ്രകടനത്തിനു ശേഷം കാര്‍ത്തികിന് മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ടെസ്റ്റ് ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനവുമായി വരവറിയിച്ച പന്തിന് ചെറിയ ഫോര്‍മാറ്റുകളില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരമാണിത്.
സമീപകാലത്ത് മികച്ച ഫോമിലല്ലെങ്കിലും ധവാന്‍ തന്നെ രോഹിത്തിന്‍റെ ഓപ്പണിങ് പങ്കാളിയാകാനാണ് സാധ്യത. കോലിയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ മൂന്നാം നമ്പറിലെത്തും. മനീഷ് പാണ്ഡ്യക്ക് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കൂടിയേ തീരൂ.
നാളെത്തേക്കുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഓള്‍റൗണ്ടര്‍ ക്യണാല്‍ പാണ്ഡ്യയോ ഇടംകൈയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദോ അരങ്ങേറുമെന്ന് ഉറപ്പായി കഴിഞ്ഞു. ഫാസ് ബൗളിങിനെ തുണക്കാറുള്ള ഈഡനില്‍ ഖലീല്‍ ബുംറെക്കും ഭുവനേശ്വറിനും ഒപ്പം ചേരാനാണ് സാധ്യത. നാലു ബൗളറും ഒരു ഓള്‍റൗണ്ടറുമായി കളിക്കാനാണ് ടീം മാനേജിന്‍റെ പദ്ധതി എങ്കില്‍ ക്യണാല്‍ പാണ്ഡ്യ അവസാന പതിനൊന്നില്‍ ഉണ്ടാകും. അല്ലെങ്കില്‍ കുല്‍ദീപിനൊപ്പം രണ്ടാം സ്പിന്നറായി ചാഹലെത്തും.
ടെസ്റ്റ് പരമ്പരയില്‍ നിഷ്പ്രഭമായി പോയ കരീബിയന്‍സ് ഏകദിനത്തില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ അവസാന രണ്ട് ഏകദിനങ്ങളില്‍ വീണ്ടും തകര്‍ന്നടിഞ്ഞു. പക്ഷേ ക്രിക്കറ്റിന്‍റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ നിലവിലെ ലോകചാമ്പ്യന്‍മാരെ വിലകുറിച്ചുകാണാന്‍ ഇന്ത്യക്കാവില്ല.
കാര്‍ലോസ് ബ്രാത്വെയ്റ്റും കീറണ്‍ പൊള്ളാര്‍ഡും ആന്ദ്രേ റസലുമടക്കമുള്ള ട്വന്‍ട്വി ട്വന്‍ട്വി സ്പെഷിലിസ്റ്റുകള്‍ തിരിച്ചെത്തുന്നതതോടെ വിന്‍ഡീസ് നിര ഇന്ത്യക്ക് അപകടകരമായിരിക്കും.
ക്യാപ്റ്റന്‍ വിരാട് കോലിയും വിശ്രമത്തിലായതിനാല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. മുബെ ഇന്ത്യന്‍സിനെ മൂന്ന് തവണ ഐ പി എല്‍ ചാമ്പ്യന്‍മാരാക്കിയ രോഹിതിന്‍റെ കീഴില്‍ കളിച്ച 9 മത്സരങ്ങളില്‍ എട്ടും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ആ റെക്കോര്‍ഡിലാണ് ഇന്ത്യയുടെ പ്രതീക്ഷ.