ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ഉപേക്ഷിച്ച് ആളുകള്‍ക്ക് താല്പര്യമുള്ള ആഷസ് പരമ്പരയാണ് നടത്തേണ്ടതെന്ന് ബ്രാഡ് ഹോഗ് പറയുമ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ നിലനില്പിനായി ഇന്ത്യ പരമ്പര നടക്കേണ്ടത് ഏറെ ആവശ്യമാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരവും കേരളത്തിന്റെയും പല വിദേശ രാജ്യങ്ങളുടെയും കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഡേവ് വാട്മോര്‍.
ഇന്ത്യ ഉള്‍പ്പെടുന്ന ടൂറുകളാണ് എന്നും വരുമാനം സൃഷ്ടിക്കുന്ന പരമ്പരകളെന്ന് മനസ്സിലാക്കാവുന്നതാണെന്നും വിരാട് കോഹ്‍ലിയും രോഹിത്തും മറ്റു ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കാണ് എന്നും മാര്‍ക്കറ്റുള്ളതെന്നും വാട്മോര്‍ പറഞ്ഞു. കൊറോണ സ്ഥിതി മെച്ചപ്പെട്ട് ക്രിക്കറ്റ് തിരിച്ച് വരുമ്പോള്‍ മറ്റു പരമ്പരകളെല്ലാം ഉപേക്ഷിച്ചാലും എന്ത് വില കൊടുത്തും ഇന്ത്യ പരമ്പരയ്ക്കായി ഓസ്ട്രേലിയ തയ്യാറാകുമെന്നാണ് വാട്മോര്‍ പറയുന്നത്.
വന്‍ വരുമാനമാണ് ഇന്ത്യ ടൂര്‍ ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും അതിനാല്‍ തന്നെ ഓസ്ട്രേലിയ മാത്രമല്ല, എല്ലാ രാജ്യങ്ങളും ഇന്ത്യയോട് കളിക്കുവാനുള്ള അവസരത്തിനായായിരിക്കും കാത്തിരിക്കുന്നതെന്ന് വാട്മോര്‍ സൂചിപ്പിച്ചു. ഇന്ത്യയുമായി പരമ്പര നേരത്തെ സമ്മതിച്ച ബോര്‍ഡുകളെല്ലാം അതിനായി കിണഞ്ഞ് ശ്രമിക്കുമെന്നും വാട്മോര്‍ വ്യക്തമാക്കി.