പാരിസ് ഒളിമ്പിക്സ് ടേബിള്‍ ടെന്നീസ് ടീം ഇവന്റിൽ ഇന്ത്യയ്ക്ക് തോൽവി. ലോക ഒന്നാം നമ്പര്‍ ടീമായ ചൈനയോട് ഇന്ത്യ 0-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
ആദ്യ മത്സരത്തിൽ ഡബിള്‍സിൽ ഇന്ത്യയുടെ മാനവ് തക്കര്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ട് 0-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ആദ്യ രണ്ട് ഗെയിമിൽ ചൈനയെ നേരിടുവാന്‍ ഇന്ത്യ പാടുപെട്ടപ്പോള്‍ മൂന്നാം ഗെയിമിൽ ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 2-11, 3-11, 7-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ഡബിള്‍സ് ടീമിന്റെ തോൽവി.
ആദ്യ സിംഗിള്‍സിൽ ശരത് കമാൽ ഒളിമ്പിക്സ് സ്വര്‍ണ്ണ ജേതാവ് ഫാന്‍ ചെംഗ്ഡോംഗിനെ ആദ്യ ഗെയിമിൽ വീഴ്ത്തിയാണ് തുടങ്ങിയത്. അടുത്ത ഗെയിമിൽ ചൈനീസ് താരം തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമും ഫാന്‍ നേടിയതോടെ മത്സരം ഇന്ത്യയുടെ കൈകളിൽ നിന്ന് അകന്ന് തുടങ്ങി. 11-9, 7-11, 7-11, 5-11 എന്ന സ്കോറിനായിരുന്നു ശരത്തിന്റെ പരാജയം.
രണ്ടാം സിംഗിള്‍സിൽ വാംഗ് ച്യുഖിന്‍ മാനവ് തക്കറിനെ 3-0ന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ പുറത്തായി. സ്കോര്‍: 9-11, 6-11, 9-11 ആദ്യ ഗെയിമിലും മൂന്നാം ഗെയിമിലും മാനവ് പൊരുതി നോക്കിയെങ്കിലും ചൈനയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ ഇത് മതിയാകുമായിരുന്നില്ല.