ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തു. ഹാർദ്ദികിന്റെ തകർപ്പനടി ആണ് ഇന്ത്യക്ക് കരുത്തായത്. ഹാർദ്ദികും കോഹ്ലിയും ഇന്ത്യക്കായി അർധ സെഞ്ച്വറികൾ നേടി.
കെഎൽ രാഹുലിനെ രണ്ടാ ഓവറിൽ നഷ്ടമായ ശേഷം പവര്‍പ്ലേയിൽ കൂടുതൽ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാകാതെ രോഹിത്തും കോഹ്‍ലിയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. മെല്ലെ തുടങ്ങിയ രോഹിത്തും ബൗണ്ടറികളുമായി രംഗത്തെത്തിയതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 38/1 എന്ന നിലയിലായിരുന്നു.
47 റൺസാണ് രോഹിത്തും കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. 27 റൺസ് നേടിയ രോഹിത്തിനെ ക്രിസ് ജോര്‍ദ്ദന്‍ ആണ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 62/2 എന്ന നിലയിലായിരുന്നു. ബെന്‍ സ്റ്റോക്സിനെ ഒരോവറിൽ ഒരു സിക്സിനും ഫോറിനും പായിച്ച സൂര്യകുമാര്‍ യാദവ് അപകടകാരിയാകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും തൊട്ടടുത്ത ഓവറിൽ ആദിൽ റഷീദ് താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. 10 പന്തിൽ 14 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.
15ാം ഓവറിൽ ഹാര്‍ദ്ദിക്കും വിരാടും ഓരോ ബൗണ്ടറി നേടിയാണ് ഇന്ത്യയുടെ സ്കോര്‍ 100ൽ എത്തിക്കുകയായിരുന്നു. ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ 16ാം ഓവറിൽ 10 റൺസ് പിറന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 110 റൺസായിരുന്നു.
ഇതിനു ശേഷം ഇന്ത്യ കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 18ആം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ സിക്സ് പറത്തി കൊണ്ട് ഹാർദ്ദിക് അടി തുടങ്ങി. പിന്നാലെ കോഹ്ലി അർധ സെഞ്ച്വറി പൂർത്തിയാക്കി 39 പന്തിൽ നിന്ന് ആണ് കോഹ്ലി 50ൽ എത്തിയത്. ടൂർണമെന്റിലെ കോഹ്ലിയുടെ നാലാം ഫിഫ്റ്റി ആയിരുന്നു ഇത്. 50 പൂർത്തിയാക്കി തൊട്ടടുത്ത ജോർദാന്റെ പന്തിൽ കോഹ്ലി ആദിൽ റഷീദിന് ക്യാച്ച് കൊടുത്ത് പുറത്തായി.
സാം കറൻ എറിഞ്ഞ 19ആം ഓവറിൽ ഹാർദ്ദികും പന്തും ചേർന്ന് 20 റൺസ് അടിച്ചതോടെ ഇന്ത്യ 150 കടന്നു. ഒപ്പം പാണ്ഡ്യ 50ഉം കടന്നു. പാണ്ഡ്യ 29 പന്തിൽ നിന്നാണ് 50 കടന്നത്. അവസാന ഓവറും ഹാർദ്ദിക് സിക്സ് കണ്ടെത്തിയതോടെ ടോട്ടൽ 160ഉം കഴിഞ്ഞു. ഹാർദ്ദിക് 33 പന്തിൽ 63 റൺസ് എടുത്ത് അവസാന പന്തിൽ പുറത്തായപ്പോൾ ഇന്ത്യ 169 എന്ന വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിരുന്നു.