ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് അടുത്ത കാലത്തായി ശരാശരിക്ക് താഴെ ആണെന്ന് പറയാതെ വയ്യ. ഇന്ത്യൻ ഫീൽഡിന് എതിരെ സ്ഥിരമായി ഉയർന്നു കൊണ്ടിരിക്കുന്ന വിമർശനങ്ങൾ സത്യമാണെന്ന് തുറന്നു കാട്ടുന്ന പ്രകടനമാണ് ഇന്ന് ഇന്ത്യ ഫീൽഡിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കാഴ്ചവെച്ചത്. തുടക്കത്തിൽ തന്നെ റൺ ഔട്ട് ചാൻസുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ കളി ഇന്ത്യയിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് ആറ് പന്തുകൾക്ക് ഇടയിൽ തന്നെ ഒരു ക്യാച്ചും റൺ ഔട്ടും നഷ്ടമാക്കുന്നത് കാണാൻ ആയി.
ആദ്യം അശ്വിൻ എറിഞ്ഞ് ഓവറിൽ ഡീപ് വിക്കറ്റിന് മുകളിലൂടെ മാക്രം ഉയർത്തി അടിച്ച പന്ത് കോഹ്ലി ആണ് നിലത്തിട്ടത്. അനായസം എടുക്കാൻ ആവുന്ന ക്യാച്ച് ആയിരുന്നു അത്. ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫീൽഡരീ ക്യാച്ച് കളഞ്ഞത് ഏവരെയും അത്ഭുതപ്പെടുത്തി.
ഇതിനു ശേഷം അടുത്ത ഓവറിൽ മാക്രത്തെ റൺ ഔട്ട് ആക്കാനുള്ള ചാൻസും ഇന്ത്യക്ക് കിട്ടി. അത് ക്യാപ്റ്റൻ രോഹിതിന് ആയിരുന്നു. രോഹിതിന് മുന്നിൽ മൂന്ന് സ്റ്റമ്പും ഏറെ സമയവും ഉണ്ടായിട്ടും ആ അവസരം മുതലാക്കിയില്ല. ഇതിനു ശേഷം അർഷ്ദീപിന്റെ പന്തിൽ മാക്രം നൽകിയ മറ്റൊരു അവസരം കോഹ്ലിക്കും ഹാർദ്ദികിനും ഇടയിൽ സേഫ് ആയി ലാൻഡ് ചെയ്യുന്നതും കണ്ടു.
നേരത്തെ ഏഷ്യാ കപ്പിലും ഇന്ത്യയുടെ ഫീൽഡിംഗ് ഏറെ വിമർശനം നേരിട്ടിരുന്നു. ജഡേജ പുറത്തായതോടെ ഫീൽഡിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇന്ത്യക്ക് ആകാതെ പോകുന്നു. ഫീൽഡിൽ ഇന്ത്യ ഒരു 10-20 റൺസ് എങ്കിലും സേവ് ചെയ്യേണ്ടതുണ്ട് എന്നും അല്ലായെങ്കിൽ പ്രയാസപ്പെടും എന്നും ലോകകപ്പിന് മുമ്പ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയെങ്കിലും ഫീൽഡിൽ ഇന്ത്യ മെച്ചപ്പെട്ടില്ല എങ്കിൽ ലോക കിരീടം സ്വപനം കാണുക വരെ പ്രയാസമാകും.