സിംഗപ്പൂരിൽ നടന്ന എഎഫ്സി ഏഷ്യൻ യോഗ്യതാ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പത്തുപേരുമായി പൊരുതി ഇന്ത്യ സിംഗപ്പൂരിനെതിരെ കഷ്ടപ്പെട്ട് 1-1ന്റെ സമനില നേടി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, 45+1ാം മിനിറ്റിൽ ഇഖ്സാൻ ഫാൻഡി വലകുലുക്കിയപ്പോൾ ആതിഥേയർ ലീഡ് എടുത്തു. തൊട്ടുപിന്നാലെ സന്ദേശ് ജിംഗൻ ചുവപ്പ് കണ്ട് പുറത്തായതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി, ഇത് മത്സരത്തിന്റെ ശേഷിച്ച സമയം ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കി.
ഈ തിരിച്ചടി നേരിട്ടെങ്കിലും, രണ്ടാം പകുതിയിൽ ഇന്ത്യ ശ്രദ്ധേയമായ പ്രതിരോധവും പോരാട്ടവീര്യവും പ്രകടിപ്പിച്ചു. 90-ാം മിനിറ്റിൽ ഈ നിശ്ചയദാർഢ്യം ഫലം കണ്ടു. സിംഗപ്പൂരിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് റഹിം അലി ഗോൾ നേടി. ഗോൾ കീപ്പറിൽ നിന്ന് പന്ത് തട്ടിയെടുത്ത റഹീം അലി ഒഴിഞ്ഞ വലയിലേക്ക് പന്തെത്തിച്ചു, സന്ദർശകർക്ക് ഒരു പോയിന്റ് ഉറപ്പാക്കി.
ഈ ഫലത്തോടെ, ഇന്ത്യക്ക് 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റുകളായി. അതേസമയം സിംഗപ്പൂർ 5 പോയിന്റുമായി മികച്ച നിലയിലാണ്.