ന്യൂഡൽഹി, ഓഗസ്റ്റ് 7 – AFC U17 വനിതാ ഏഷ്യൻ കപ്പ് 2026 യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഗ്രൂപ്പ് Gയിൽ ഉസ്ബെക്കിസ്ഥാനെയും ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെയും നേരിടും. മലേഷ്യയിലെ കോലാലംപൂരിലുള്ള AFC ഹൗസിൽ വെച്ച് നടന്ന ഔദ്യോഗിക നറുക്കെടുപ്പിലാണ് ഈ പ്രഖ്യാപനം വന്നത്.
ബിഷ്കേക്കിൽ 2025 ഒക്ടോബർ 13 മുതൽ 17 വരെയാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. സിംഗിൾ റൗണ്ട്-റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ഒക്ടോബർ 13-ന് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിൽ കിർഗിസ് റിപ്പബ്ലിക്കിനെ നേരിടും, തുടർന്ന് ഒക്ടോബർ 17-ന് ഉസ്ബെക്കിസ്ഥാനുമായി ഏറ്റുമുട്ടും..
കഴിഞ്ഞ മൂന്ന് പതിപ്പുകളിലെ റാങ്കിങ് പോയിന്റുകൾ അടിസ്ഥാനമാക്കി ഇന്ത്യയെ പോട്ട് 1-ൽ ഉൾപ്പെടുത്തിയിരുന്നു. യോഗ്യതാ റൗണ്ടിലൂടെ ആദ്യമായി AFC U17 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടാനാണ് ടീം ലക്ഷ്യമിടുന്നത്. 2005-ലാണ് അവസാനമായി ഇന്ത്യ ഈ ടൂർണമെന്റിൽ പങ്കെടുത്തത്.
മൊത്തം 27 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് ഗ്രൂപ്പുകളിൽ മൂന്നും, മൂന്ന് ഗ്രൂപ്പുകളിൽ നാലും ടീമുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഓരോ ഗ്രൂപ്പിലെയും വിജയികൾക്ക് മാത്രമേ 2026 ഏപ്രിൽ 30 മുതൽ മെയ് 17 വരെ ചൈനയിൽ നടക്കുന്ന ഫൈനൽ ടൂർണമെന്റിലേക്ക് പ്രവേശനം ലഭിക്കൂ.
ഇതിൽ യോഗ്യത നേടിയ എട്ട് ടീമുകൾ, നേരിട്ട് യോഗ്യത നേടിയ ഡിപിആർ കൊറിയ, ജപ്പാൻ, കൊറിയ റിപ്പബ്ലിക്, ആതിഥേയരായ ചൈന എന്നിവരുമായി ചേർന്ന് 12 ടീമുകളുടെ ഫൈനൽ ലൈൻ-അപ്പ് പൂർത്തിയാക്കും.
ഫൈനൽ ടൂർണമെന്റിലെ മികച്ച നാല് ടീമുകൾക്ക് മൊറോക്കോയിൽ നടക്കുന്ന FIFA U17 വനിതാ ലോകകപ്പ് 2026-ലേക്ക് യോഗ്യത ലഭിക്കും.
ബിഷ്കേക്കിലെ ഇന്ത്യയുടെ ഗ്രൂപ്പ് G മത്സരങ്ങൾ:
- ഒക്ടോബർ 13: കിർഗിസ് റിപ്പബ്ലിക് Vs ഇന്ത്യ
- ഒക്ടോബർ 17: ഇന്ത്യ Vs ഉസ്ബെക്കിസ്ഥാൻ