പെര്‍ത്ത് ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും ഇന്ത്യയെ രണ്ടാം ദിവസം അതിശക്തമായ നിലയിലേക്കെത്തിച്ചുവെങ്കിലും രണ്ടാം ദിവസം അജിങ്ക്യ രഹാനെയെ(51) ഇന്ത്യയ്ക്ക് ആദ്യമേ നഷ്ടമായി. ഹനുമ വിഹാരി(20) റണ്‍സ് നേടി പുറത്തായപ്പോള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം വിരാട് കോഹ്‍ലിയും മടങ്ങി. 123 റണ്‍സാണ് കോഹ്‍ലി നേടിയത്. രഹാനെയെ ലയണും വിഹാരിയെ ഹാസല്‍വുഡും പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി.
തലേ ദിവസത്തെ സ്കോറുമായി ഒരു റണ്‍സ് പോലും നേടാനാകാതെയാണ് രഹാനെ പുറത്തായത്. വിഹാരിയുമൊപ്പം 50 റണ്‍സ് കൂട്ടുകെട്ട് കോഹ്‍ലി നേടിയെങ്കിലും ഹാസല്‍വുഡ് വിഹാരിയെ പുറത്താക്കി വീണ്ടും മത്സരം ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് തിരിച്ചു. പന്തും കോഹ്‍ലിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 28 റണ്‍സ് നേടി നില്‍ക്കെയാണ് കോഹ്‍ലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയത്.
14 റണ്‍സുമായി ഋഷഭ് പന്താണ് ക്രീസില്‍ നില്‍ക്കുന്നത്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഓസ്ട്രേലിയയുടെ സ്കോറിനു 74 റണ്‍സ് അകലെയായി ഇന്ത്യ 252/7 എന്ന നിലയിലാണ്.