T20 വേൾഡ് കപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ളണ്ടിനോട് തോറ്റു എന്ന് പറയുന്നതിലും ഭേദം, ഇംഗ്ലണ്ട് ഇന്ത്യക്ക് മേൽ ആധികാരികമായ വിജയം നേടി എന്ന് പറയുന്നതാകും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എടുത്ത 168 ഒരു സ്‌കോറെ അല്ല എന്ന നിലയ്ക്കാണ് ഇംഗ്ലണ്ടിന് വേണ്ടി ബാറ്റ് ചെയ്ത അലക്‌സും ജോസും കളിച്ചത്. ഇനിയും ഒരു 60 റണ്സ് ഉണ്ടായിരുന്നെങ്കിൽ കൂടി കളി അവർ തന്നെ ജയിച്ചേനെ. നാല് ഓവറുകൾ ബാക്കി വച്ചാണ് അവർ കളി അവസാനിപ്പിച്ചത് എന്നോർക്കണം!
ബോളർമാരെ കുറ്റം പറഞ്ഞു കൈ കഴുകാൻ രോഹിത് ശ്രമിക്കേണ്ട. ഇത്തരം ഒരു പ്രധാനപ്പെട്ട കളിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ, ഒരു കൂറ്റൻ സ്കോറിനായി ബാറ്റേഴ്‌സ് ശ്രമിക്കണമായിരുന്നു. 170 ഒന്നും T20 മത്സരങ്ങളിൽ ഒരു മാന്യമായ സ്‌കോർ അല്ല എന്ന് ഇത്രയും മുതിർന്ന കളിക്കാരെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. സ്വന്തം ബോളേഴ്സിന് വേണ്ടി അല്ലെങ്കിൽ കൂടി, എതിർ ടീമിലെ ബാറ്റേഴ്സിനെ സമ്മർദ്ധത്തിലാക്കാൻ, 200ൽ കുറഞ്ഞ ഒരു സ്കോറിനും ഇന്നത്തെ കാലത്ത് സാധ്യമല്ല. അതറിഞ്ഞു വേണമായിരുന്നു ഇന്ത്യയുടെ സോ കോൾഡ് ലോകോത്തര ബാറ്റിംഗ് നിര കളിക്കേണ്ടിയിരുന്നത്. അത്തരം ഒരു സ്‌കോർ വരുമ്പോൾ മാത്രമേ നമ്മുടെ ബോളേഴ്സിന് മുന്നിൽ അവർ കുറച്ചെങ്കിലും സൂക്ഷിക്കുകയുള്ളൂ.
ഇനി അതൊന്നും പറഞ്ഞിട്ടും എഴുതിയിട്ടും കാര്യമില്ല. മാറേണ്ടത് കളിയല്ല, ടീമല്ല, ഇന്ത്യൻ ക്രിക്കറ്റാണ്. ആദ്യം ബിസിസിഐ മനസ്സിലാക്കേണ്ടത്, കാശെറിഞ്ഞാൽ ലോകോത്തര ടീം ആകും എന്നായിരുന്നെങ്കിൽ ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ വേൾഡ് കപ്പിൽ ഗൾഫിലെ ടീമുകളെ കൊണ്ട് നിറഞ്ഞേനെ!
വർഷം മുഴുവൻ ക്രിക്കറ്റ് എന്ന നിലയിൽ നിന്ന് ആവശ്യത്തിന് ഇടവേളകൾ നൽകിയുള്ള ഒരു കലണ്ടറിന് രൂപം കൊടുക്കുക. ഇന്നിപ്പോൾ കളിക്കാർ ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ ഏത് രാജ്യത്താണ് തങ്ങൾ എന്നു പോലും ഓർക്കാൻ കഴിയാത്തത്ര ടൂറുകളാണ്.
അതിന്റെ കൂടെ ഐപിഎൽ സർക്കസും കൂടി ചേരുമ്പോൾ കാര്യങ്ങൾ കുഴഞ്ഞു മറിയും. ഇത്തവണ പരിക്ക് കാരണം എത്ര ഇന്ത്യൻ മുൻനിര കളിക്കാർക്ക് വേൾഡ് കപ്പിന് പോകാൻ സാധിച്ചില്ല എന്നത് കണക്ക്കൂട്ടി നോക്കണം.
ആദ്യം വേണ്ടത് ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയിൽ ഒരു പരിപൂർണ്ണ അഴിച്ചുപണിയാണ്. ഇന്നത്തെ ക്രിക്കറ്റ് അറിയാവുന്നവരായിരിക്കണം അവിടെ ഇരിക്കേണ്ടത്. കളിയുടെ വ്യത്യാസം മാത്രമല്ല, കളിക്കാരുടെ വ്യത്യാസവും മനസ്സിലാക്കാൻ സാധിക്കുന്നവർ വരട്ടെ. തലയെടുപ്പിന്റെ വലിപ്പം മാത്രം നോക്കി എഴുന്നള്ളിപ്പിന് ആനയെ തിരഞ്ഞെടുക്കുന്ന കാലമൊക്കെ പോയി.
കളിക്കാർക്ക് അവകാശങ്ങൾ ഉണ്ട് എന്ന കാര്യം സമ്മതിച്ചു കൊണ്ടു തന്നെ, അവരെ കളിക്കാരായി മാത്രം കാണാൻ ബോർഡ് ശ്രമിക്കുക. അവരെ താരങ്ങളാക്കി മുതലെടുക്കാൻ ശ്രമിച്ചതിന്റെ പരിണിത ഫലമാണ് പലപ്പോഴും ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നത്. അവർ കളിക്കാരാണ് എന്ന രീതിയിൽ മാത്രം ഇടപെടുക, അതവർക്കും മനസ്സിലാകും. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന്, അതൊരു ബഹുമതിയായി കണക്കാക്കാൻ സാധിക്കണം, നേരെ തിരിച്ചാകരുത്. ലോക ഫുട്ബോളിലെ ഒന്നാം നമ്പർ ടീമായ ബ്രസീൽ, തങ്ങളുടെ വേൾഡ് കപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അവസരം കിട്ടിയ കളിക്കാർ എങ്ങനെയാണ് പെരുമാറുന്നത് എന്ന വീഡിയോ ഈ അടുത്ത് നമ്മൾ കണ്ടതാണ്. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ ഇങ്ങനെയാണോ സംഭവിക്കുന്നത് എന്നു ആലോചിച്ചു നോക്കുക.
എത്ര വലിയ റെക്കോഡുകളുടെ ഉടമയാണെങ്കിലും, ഇന്ത്യൻ ടീമിന് ആവശ്യമുള്ള ഉയർന്ന നിലവാരം നിലനിർത്താത്തവരെ തിരഞ്ഞെടുക്കരുത്. അയാൾ നല്ല കളിക്കാരനാണ്, ഈ മോശം ഫോമിനെ മറികടക്കാൻ അയാൾക്ക് സാധിക്കും എന്ന സ്ഥിരം പല്ലവി ഇനി പാടില്ല. മോശം ഫോമിലുള്ള കളിക്കാരൻ പുറത്തിരിന്നു കളി മെച്ചപ്പെടുത്തി തിരികെ വരട്ടെ.
ആഭ്യന്തര ക്രിക്കറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന ഐപിഎൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാരമായി മാറിക്കഴിഞ്ഞു. ക്രിക്കറ്റിനേക്കാൾ അവിടെ ആഘോഷങ്ങൾക്കും, അലങ്കാരങ്ങൾക്കുമാണ് പ്രാധാന്യം. കളിച്ചു വളരുന്ന പുതുമുഖങ്ങൾക്ക് ഐപിഎൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇതാണ് ക്രിക്കറ്റ് എന്നവർ തെറ്റിദ്ധരിച്ച്, അവരവരുടെ വിലയും നിലയും കളിക്ക് മേലെയാണ് എന്ന് ചിന്തിച്ചു പോയാൽ തെറ്റ് പറയാൻ പറ്റില്ല. പോരാത്തതിന്, പേരിന് മാത്രം അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കുന്ന നിലയിലേക്ക് താഴ്ന്ന ഐപിഎൽ, കളിക്കാരുടെ നിലവാരം മോശമാക്കാനും വഴി വച്ചു. ഐപിഎല്ലിലെ കളിമിടുക്ക് കൊണ്ട് അന്താരാഷ്ട്ര കളികളിൽ വിജയം കൈവരിക്കാൻ സാധിക്കില്ല എന്ന കാര്യം പല പ്രാവശ്യം ഇവിടെ എഴുതിയിട്ടുള്ളതാണ്, വിദഗ്ധർ സമ്മതിച്ചിട്ടുള്ളതുമാണ്. ഐപിഎൽ മുതലാളിമാർക്ക് ഇത് വെറും എന്റർടൈന്മെന്റ് മാത്രമാണ് എന്നോർക്കുക. ഇക്കാര്യത്തിൽ ഒരു ഗുരുതരമായ വായന ഉടൻ വേണ്ടതാണ് എന്ന് ബിസിസിഐ സമ്മതിക്കണം, അതിനനുസരിച്ചു കാര്യങ്ങൾ നീക്കണം.
എന്റെ ഫോട്ടോ, എന്റെ ഫുൾ ഫിഗർ എന്ന മട്ടിൽ ക്രിക്കറ്റ് ലോകത്തെ അടക്കി വാഴാമെന്നുള്ള വാശി ബിസിസിഐ ഉപേക്ഷിക്കണം. കളി മിടുക്കു മറ്റുള്ളവർക്കും കാശ് മാത്രം നമുക്കും എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മറ്റുള്ള ലീഗുകളിൽ നമ്മുടെ കളിക്കാരെ കളിക്കാൻ അനുവദിക്കുക, അവർ അവിടെ പോയി മറ്റ് നാട്ടുകാരുടെ കളി മനസ്സിലാക്കട്ടെ, കളി മെച്ചപ്പെടുത്തട്ടെ. നമ്മുടെ കളിക്കാർ ഇംഗ്ലണ്ടിൽ പോയി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന്റെ ഗുണം എന്നും ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്ന് ഓർക്കുക.
ഒരു മൊത്തത്തിലുള്ള അഴിച്ചുപണിയാണ് വേണ്ടത്. സെമിയിൽ എത്തിയില്ലേ, പിന്നെന്തിന് ഇങ്ങനൊക്കെ ചെയ്യണം എന്നാണ് ചിന്തയെങ്കിൽ, എത്ര നാളായി ഒരു കപ്പ് നേടിയിട്ട് എന്നു കൂടി ആലോചിച്ചു നോക്കണം. കൂടാതെ എങ്ങനെ സെമിയിൽ എത്തി എന്നും ചിന്തിക്കണം. ഒരു പന്ത് ഒന്നിങ്ങോട്ടോ അങ്ങോട്ടോ ആയിരുന്നെങ്കിൽ തീരുമായിരുന്നു ഈ സെമി പ്രവേശനം പോലും. അത് കൊണ്ട് ഇനിയും സമയം കളയാതെ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ചിന്തിക്കുക, ബോൾ ചെയ്യുക, ബാറ്റ് വീശുക.