ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) സീനിയർ ദേശീയ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പോടെ രാഹുൽ ദ്രാവിഡിൻ്റെ കാലാവധി അവസാനിക്കാൻ ഒരുങ്ങുകയാണ്. ഇതാണ് ഇന്ത്യ പുതിയ പരിശീലകനെ നോക്കാൻ കാരണം. മെയ് 27 വരെ ആണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി.
2024 ജൂലൈ 1 മുതൽ 2027 ഡിസംബർ 31 വരെ 3.5 വർഷത്തേക്കുള്ള കരാറിൽ ആകും പുതിയ പരിശീലകൻ നിയമിക്കപ്പെടുക. 2025-ലെ ചാമ്പ്യൻസ് ട്രോഫിയും 2027-ലെ ഏകദിന ലോകകപ്പും ആകും പരിശീലകന്റെ പ്രധാന ദൗത്യം.
ജോലിക്ക് ആവശ്യമായ യോഗ്യതകളും വൈദഗ്ധ്യവും തിങ്കളാഴ്ച പുറത്തിറക്കിയ ബിസിസിഐ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൻ കുറഞ്ഞത് 30 ടെസ്റ്റ് മത്സരങ്ങളോ 50 ഏകദിനങ്ങളോ കളിച്ചിരിക്കണം. ഒരു മുഴുവൻ അംഗമായ ടെസ്റ്റ് കളിക്കുന്ന രാജ്യത്തിൻ്റെ മുഖ്യ പരിശീലകൻ ആയി 2 വർഷം പരിചയം. അല്ലെങ്കിൽ, കുറഞ്ഞത് 3 വർഷ! ഒരു അസോസിയേറ്റ് അംഗ രാജ്യത്തിന്റെയോ/ഐപിഎൽ ടീം അല്ലെങ്കിൽ തത്തുല്യമായ ഇൻ്റർനാഷണൽ ലീഗ്/ഫസ്റ്റ് ക്ലാസ് ടീമുകൾ/നാഷണൽ എ ടീമുകളുടെയോ ഹെഡ് കോച്ച് ആയി പ്രവർത്തിച്ച അനുഭവം ഉണ്ടാകണം.
BCCI ലെവൽ 3 സർട്ടിഫിക്കേഷനോ തത്തുല്യമോ ഉണ്ടായിരിക്കണം. 60 വയസ്സിൽ താഴെ ആയിരിക്കണം. ഇത്രയുമാണ് അപേക്ഷകന് വേണ്ട യോഗ്യത.