വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം വിജയം. ഇന്ത്യ വനിതകളും വെസ്റ്റ് ഇൻഡീസ് വനിതകളും തമ്മിൽ നടന്ന മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യയുടെ തകർപ്പൻ ബൗളിംഗിനും മികച്ച ബാറ്റിംഗിനും ഇന്ന് കേപ്ടൗൺ സാക്ഷ്യം വഹിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് വനിതകൾ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടി. 42 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലറും 30 ഷെമൈൻ കാംബെല്ലുമാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറേഴ്സ്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ദീപ്തി ശർമ്മയാണ് ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്. നാലോവറിൽ വെറും 21 റൺസ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റ് എടുത്ത പൂജ വസ്ട്രാക്കറും നന്നായി ബൗൾ ചെയ്തു.
മറുപടിയായി ഇറങ്ങിയ ഇന്ത്യക്ക് ഷഫാലി 23 പന്തിൽ 28 റൺസ് വേഗത്തിൽ നേടികൊണ്ട് നല്ല തുടക്കം നൽകി. 10 റണ എടുത്ത സ്മൃതി മന്ദാനയും 1 റൺ മാത്രം എടുത്ത് കഴിഞ്ഞ കളിയിലെ താരം ജമിമയും പുറത്തായെങ്കിലും ഇന്ത്യ സമ്മർദ്ദത്തിൽ ആയില്ല. റിച്ച ഗോഷും ഹർമൻപ്രീത് കൗറും ഒരു മാച്ച് വിന്നിംഗ് കൂട്ടുകെട്ട് പടുത്ത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. കൗർ 41 പന്തിൽ 33 റൺസുമായി അവസാനം പുറത്തായി. റിച്ച ഗോഷ് പുറത്താകാതെ 32 പന്തിൽ 44 റൺസ് നേടി. ഇന്ത്യ 18.1 ഓവറിൽ ലക്ഷ്യം കണ്ടു.
രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യൻ ടീം അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടും.