ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിൽ ഈ വർഷം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പിങ്ക് ബോൾ ടെസ്റ്റ് മത്സരമാവും. 4 ടെസ്റ്റുകളുടെ ബോർഡർ – ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം അഡ്ലെയ്ഡിൽ വെച്ചാണ് നടക്കുന്നത്. ഡിസംബർ 17 മുതൽ 21 വരെയാണ് മത്സരം നടക്കുക. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി 3 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ഫിക്സ്ചറുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പരമ്പരയിലെ ആദ്യ ഡേ നൈറ്റ് മത്സരം ഇന്ത്യയുടെ വിദേശത്തെ ആദ്യ പിങ്ക് ബോൾ മത്സരം കൂടിയാവും. നേരത്തെ ഇന്ത്യ കൊൽക്കത്തയിൽ വെച്ച് ബംഗ്ലാദേശിനെ പിങ്ക് ബോൾ ടെസ്റ്റിൽ നേരിട്ടിരുന്നു. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ 31 വരെയും മൂന്നാം ടെസ്റ്റ് സിഡ്‌നിയിൽ വെച്ച് ജനുവരി 7 മുതൽ 11 വരെയും നടക്കും. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ബ്രിസ്‌ബെനിൽ വെച്ച് ജനുവരി 15 മുതൽ 19 വരെ നടക്കും.
നേരത്തെ 2018-19 സീസണിൽ ഓസ്ട്രേലിയയിൽ വെച്ച് 2-1ന് പരമ്പര ജയിച്ച് ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തിയിരുന്നു. അന്ന് ഏകദിന പരമ്പരയും ഇന്ത്യ 2-1ന് തന്നെ ജയിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കഴിഞ്ഞതിന് ശേഷം താരങ്ങൾ എല്ലാം പരമ്പരക്ക് വേണ്ടി ഓസ്ട്രേലിയയിലേക്ക് തിരിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി20 പരമ്പര നവംബർ 27നും ഏകദിന പരമ്പര ഡിസംബർ 4നും ആരംഭിക്കാനുള്ള ശ്രമങ്ങൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് തുടങ്ങിയിട്ടുണ്ട്.