ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന വനിതാ ലോകകപ്പ് സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് വനിതാ ടീമിനെതിരെ ആവേശകരമായ വിജയം നേടി ഇന്ത്യ എ വനിതാ ടീം. ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ (ഡിഎൽഎസ്) രീതി പ്രകാരം 40 ഓവറിൽ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ, മൂന്ന് പന്തുകൾ ശേഷിക്കെ 4 വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്.

ഇന്ത്യയുടെ പ്രധാന ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഷഫാലി വർമ്മയാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. 49 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 70 റൺസ് നേടിയ ഷഫാലിയുടെ വെടിക്കെട്ട് ഇന്നിംഗ്സ് ശ്രദ്ധേയമായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷം ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ച മിന്നു മണിയും (39* റൺസ്) മദിവാള മമതയും (56* റൺസ്) ഷഫാലിക്ക് മികച്ച പിന്തുണ നൽകി.
ന്യൂസിലൻഡിനായി ഇസബെല്ല ഗാസെ നേടിയ സെഞ്ച്വറി (100 പന്തിൽ 101 റൺസ്) ഇന്നിംഗ്സിന് കരുത്ത് നൽകിയെങ്കിലും, സുസി ബേറ്റ്സ്, ജോർജിയ പ്ലിമ്മർ തുടങ്ങിയ പ്രധാന ബാറ്റർമാർക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് നേടിയത്. ഇന്ത്യ എയുടെ ബൗളർമാർ, പ്രത്യേകിച്ച് സായലി സത്ഘരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ടൈറ്റസ് സാധു, സൈമ താക്കൂർ, പ്രിയ മിശ്ര എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനം ന്യൂസിലാൻഡിന്റെ തയ്യാറെടുപ്പുകളിലെ പോരായ്മകൾ വെളിവാക്കി.