മലയാളി താരം മുഹമ്മദ് ഇനായതിനെ ഐ എസ് എല്ലിലെ വമ്പന്മാരായ ബെംഗളൂരു എഫ് സി റാഞ്ചാൻ ഒരുങ്ങുകയാണ്. 20കാരനായ ഇനായത്തുമായി ബെംഗളൂരു എഫ് സി അവസാന ഘട്ട ചർച്ചയിലാണ്. ഈ ആഴ്ച തന്നെ ഈ സൈനിംഗ് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ നേവിയുടെ വിങ്ങുകളിലാണ് ഇപ്പോൾ ഇനായത്ത് കളിക്കുന്നത്.
ഇന്ത്യൻ നേവിക്ക് ഒപ്പം കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗ് കളിച്ച് കിരീടം നേടാൻ ഇനായത്തിനായിരുന്നു. കേരളത്തിനു വേണ്ടിയും ഒപ്പം സർവീസസിനു വേണ്ടിയും ഇനായത്ത് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. കോഴിക്കോട് മാവൂർ സ്വദേശിയാണ്. മുമ്പ് ഇന്ത്യയുടെ അണ്ടർ 17 ടീമിനു വേണ്ടിയും ഇനായത്ത് കളിച്ചിട്ടുണ്ട്. ഇനായത്തിന്റെ കരിയറിലെ വഴിത്തിരിവായി ഈ ട്രാൻസ്ഫർ മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.