കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

Newsroom

Picsart 24 11 14 18 11 27 950
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ മിന്നും പ്രകടനം. ക്യാപ്റ്റന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെടുത്ത കേരളം ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡും നേടി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇമ്രാന്‍ 187 പന്തില്‍ നിന്നാണ് 178 റണ്‍സ് കരസ്ഥമാക്കിയത്. മൂന്ന് സിക്‌സും 22 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.ആറാമനായി ഇറങ്ങിയ അദ്വൈത് പ്രിന്‍സും മികച്ച ബാറ്റിങ്ങാണ് കാഴ്ച്ചവെച്ചത്. 102 പന്ത് നേരിട്ട പ്രിന്‍സ് പുറത്താകാതെ 56 റണ്‍സ് നേടിയിട്ടുണ്ട്.

Picsart 24 11 13 17 53 31 756

മംഗലപുരം കെസിഎയുടെ ഗ്രൗണ്ടില്‍ ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് രണ്ടാം ദിനം കേരളം ഇമ്രാന്റെയും അദ്വൈയ്ത് പ്രിന്‍സിന്റെയും ബാറ്റിങ് മികവില്‍ മറികടക്കുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 22 റണ്‍സുമായി രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് സ്‌കോര്‍ 30 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ അഹമ്മദ് ഖാന്റെ വിക്കറ്റ് നഷ്ടമായി. വസുദേവ് പ്രസാദിന്റെ പന്തില്‍ തൗഫിഖ് ക്യാച്ചെടുത്താണ് ഖാനെ പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ രോഹിത് കെ.ആറും(10) വേഗം പുറത്തായി. പിന്നീട് അഹമ്മദ് ഇമ്രാനും അക്ഷയ് എസ്.എസും ചേര്‍ന്നാണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 120 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത അക്ഷയെ സുമന്‍ കുമാര്‍ പുറത്താക്കിയാണ് സഖ്യം തകര്‍ത്തത്. അക്ഷയ്- ഇമ്രാന്‍ കൂട്ടുകെട്ട് കേരളത്തിനായി 89 റണ്‍സ് നേടി. തുടര്‍ന്നെത്തിയ മൊഹമ്മദ് ഇനാനുമായി ചേര്‍ന്ന് ഇമ്രാന്‍ വീണ്ടും റണ്‍സ് വേട്ട തുടര്‍ന്നു.

സ്‌കോര്‍ 194 എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഇനാന്‍ സുമന്‍ കുമാറിന്റെ പന്തില്‍ പുറത്തായി. പിന്നീട് അദ്വൈത് പ്രിന്‍സുമായി ചേര്‍ന്നാണ് ഇമ്രാന്‍ ബിഹാറിനെതിരെ കേരളത്തിന് ലീഡ് നേടിയത്. ഇരുവരും തമ്മിലുള്ള സഖ്യം 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ടോപ് സ്‌കോറര്‍ ഇമ്രാനെയും സുമന്‍ കുമാര്‍ തന്നെയാണ് പുറത്താക്കിയത്. കേരളത്തിന്റെ സ്‌കോര്‍ 332 ല്‍ എത്തിയപ്പോഴായിരുന്നു ഇമ്രാന്റെ വിക്കറ്റ് നഷ്ടമായത്.
ബിഹാറിനായി സുമന്‍ കുമാര്‍ നാല് വിക്കറ്റും വസുദേവ് പ്രസാദ് ഒരു വിക്കറ്റും നേടി. കളി നിര്‍ത്തുമ്പോള്‍ അദ്വൈത് പ്രിന്‍സ്( 54), അല്‍ത്താഫ്(1) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍: ബിഹാര്‍ 329, കേരളം-335/5