ഐ ലീഗിന്റെ ഈ സീസൺ ഉപേക്ഷിക്കുമെന്ന കാര് ഉറപ്പായി. ഇന്ന് നടന്ന ലീഗ് കമ്മിറ്റി, വീഡിയോ കോൺഫെറൻസു വഴി ചർച്ച നടത്തി ലീഗ് ഉപേക്ഷിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ എ ഐ എഫ് എഫിന് സമർപ്പിച്ചു. ഇനി എ ഐ എഫ് എഫ് കൂടെ ഈ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ഔദ്യോഗിക തീരുമാനമായി ഇതു മാറും.
ലീഗ് ഉപേക്ഷിക്കാം എന്നും എന്നാൽ കിരീടം മോഹൻ ബഗാനു നൽകാം എന്നുമാണ് ലീഗ് കമ്മിറ്റിയുടെ തീരുമാനം. ചാമ്പ്യന്മാർക്ക് കിട്ടുന്ന തുകയും മോഹൻ ബഗാനു ലഭിക്കും. ലീഗിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള ബാക്കി സ്ഥാനങ്ങൾ നിർണയിക്കില്ല. എ ഐ എഫ് എഫ് ഒരോ സ്ഥാനത്തിനു നൽകുന്ന പണത്തിനു പകരം ഒന്നാം സ്ഥാനത്തിനു താഴെ ഉള്ള മുഴുവം ക്ലബുകൾക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നൽകാനും തീരുമാനമായി.
ലീഗ് ബാക്കിയുണ്ടായിരുന്ന 28 മത്സരങ്ങളും ഉപേക്ഷിക്കാൻ ആണ് ഇതോടെ തീരുമാനമായത്. ഇതിനകം തന്നെ മോഹൻ ബഗാൻ കിരീടം ഉറപ്പിച്ചിട്ടുണ്ട് എന്നതിനാൽ ആണ് കിരീടം ബഗാനു നൽകുന്നത്. ഇത്തവണ റിലഗേഷൻ വേണ്ടെന്നു വെക്കാനും ലീഗ് കമ്മിറ്റി നിർദ്ദേശിച്ചു.
കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഇനി കളി നടത്താൻ മെയ് അവസാനം എങ്കിലും ആകേണ്ടി വരും എന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് സെക്കൻ ഡിവിഷൻ ഐ ലീഗും മറ്റു യൂത്ത് ലീഗുകളും ഉപേക്ഷിക്കാനും ലീഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സെക്കൻഡ് ഡിവിഷൻ അടുത്ത സീസണു മുന്നോടിയായി ചെറിയ ടൂർണമെന്റായി ചിലപ്പോൾ നടത്തിയേക്കും. യൂത്ത് ലീഗുകൾ ഇത്തവത്തേത് ഉപേക്ഷിച്ച് അടുത്ത സീസണിൽ പുതുതായി തുടങ്ങാം എന്നാണ് ധാരണ.