“സുശാന്ത് മാത്യവിന്റെ ഇടം കാലിൽ നിന്ന് ഒരു മഴവില്ല് പിറക്കുന്ന കാഴ്ച..” കേരള ഫുട്ബോളിന്റെ ഇപ്പോഴത്തെ തലമുറ ഒരിക്കലും മറക്കാത്ത ആ സുന്ദര നിമിഷം ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച സുശാന്ത് മാത്യു ഫുട്ബോളിൽ നിന്ന് വിരമിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ സുശാന്ത് മാത്യു സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തന്റെ വിരമിക്കൽ വാർത്ത അറിയിച്ചത്.
ഒരു കാര്യത്തിനു വേണ്ടി എത്ര പരിശ്രമിക്കുന്നോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാൻ എന്ന് പറഞ്ഞു കൊണ്ടാണ് സുശാന്ത് തന്റെ വിരമിക്കൽ വാർത്ത ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഫുട്ബോൾ തനിക്ക് ഒരു കളി മാത്രമായിരുന്നില്ല അത് തന്റെ ജീവിതമായിരുന്നു. ഇത്രയും കാലം തനിക്ക് സ്വപ്നജീവിതമാണ് ഫുട്ബോൾ നൽകിയത്. താൻ കളിച്ച ക്ലബുകൾക്കും തന്നെ പരിശീലിപ്പിച്ചവർക്കുമെല്ലാം നന്ദി പറയുന്നു എന്നും സുശാന്ത് മാത്യു പറഞ്ഞു.
തന്റെ ആദ്യ ക്ലബായ ഡൈന അമ്പലവയൽ മുതൽ അവസാന ക്ലബായ ഗോകുലം കേരള എഫ് സിക്കു വരെ സുശാന്ത് പ്രത്യേകം നന്ദി പറഞ്ഞു. എഫ് സി കൊച്ചിൻ, വാസ്കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നെരോക, പൂനെ സിറ്റി തുടങ്ങി നിരവധി ക്ലബുകൾക്ക് വേണ്ടി സുശാന്ത് കളിച്ചിട്ടുണ്ട്.
ചെന്നൈയിന് എതിരായി സുശാന്ത് നേടി ലോങ് റേഞ്ചർ ഇന്നും ഐ എസ് എൽ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്. കരിയറിന്റെ അവസാന കാലത്ത് ഗോകുലം കേരള എഫ് സിയുടെ ക്യാപ്റ്റനാകാനും സുശാന്തിനായിരുന്നു.