വനിത ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നീട്ടി വെച്ച് ഐസിസി

Sports Correspondent

ശ്രീലങ്കയില്‍ ജൂലൈ 3 മുതല്‍ 19 വരെ നടക്കാനിരുന്ന ഐസിസി വനിത ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ഐസിസി നീട്ടിവെച്ചു. ലോകം കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഐസിസിയുടെ ഈ നടപടി. ഇപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യമാണ്. പല രാജ്യങ്ങളിലും യാത്ര വിലക്കുമാണ്, അതിനാല്‍ തന്നെ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുവാനുള്ള സാഹചര്യമല്ലെന്ന് ഐസിസി അറിയിച്ചു.

പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്ന് മൂന്ന് ടീമുകളാണ് മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടുന്നത്. ആതിഥേയരായ ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശ്, അയര്‍ലണ്ട്, പാക്കിസ്ഥാന്‍, പാപുവ ന്യൂ ഗിനി, തായ്‍ലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‍വേ എന്നീ ടീമുകളാണ് 2021 വനിത ലോകകപ്പിനുള്ള യോഗ്യതയ്ക്കായി ഏറ്റുമുട്ടുവാനിരുന്നത്.

നേരത്തെ തന്നെ പല പ്രാദേശിക യോഗ്യത ടൂര്‍ണ്ണമെന്റുകള്‍ ഐസിസി മാറ്റി വെച്ചിരുന്നു.