ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം. ഇന്ന് ഹൈദരബാദിൽ വെച്ച് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്ന ഹൈദരാബാദിന്റെ ആദ്യ വിജയമാണിത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു 2-1ന്റെ പരാജയം കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
സഹലിനെയും രാഹുൽ കെപിയെയും ആദ്യ ഇലവനിൽ എത്തിച്ചതിനുള്ള ഫലം കിട്ടുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ നടത്തിയത്. കളിയുടെ 32ആം മിനുട്ടിൽ ആ സഖ്യം തന്നെ ഗോളും കണ്ടെത്തി. സഹൽ അബ്ദുൽ സമദിന്റെ ഒരു വേൾഡ് ക്ലാസ് പാസ് ഒരു ഗംഭീര ഫിനിഷിലൂടെ രാഹുൽ കെ പി വലയിൽ എത്തിക്കുകയായിരുന്നു. സഹലിനെ പോലൊരു കളിക്കാരന് ഒരു നിമിഷം മാത്രം മതി കളി മാറ്റാൻ എന്നത് തെളിയിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 54ആം മിനുട്ടിൽ ഒരു പെനാൾട്ടി ഹൈദരബാദിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്റ്റാങ്കോവിച് ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. 58ആം മിനുട്ടിൽ സഹലിന് പരിക്കേറ്റത് കേരളത്തിന് കൂടുതൽ വിനയായി. 81ആം മിനുട്ടിൽ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ മാർസെലീനോ ഹൈദരബാദിന് വിജയവും നൽകി.
പരാജയവും സഹലിനേറ്റ പരിക്കും കേരള ബ്ലാസ്റ്റേഴ്സിന് ഇത് വലിയ നിരാശയാകും നൽകുക. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയന്റ് മാത്രം നേടി നിൽക്കുകയാണ്.