ഹൈദരാബാദ് എഫ് സിക്ക് രണ്ട് ട്രാൻസ്ഫർ വിൻഡോയിലേക്ക് കൂടെ വിലക്ക്. നിലവിൽ ഫിഫയുടെ ട്രാൻസ്ഫർ ബാൻ നേരിടുന്ന ഹൈദരാബാദ് എഫ് സിയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റിയാണ് പുതുതായി വിലക്കിയിരിക്കുന്നത്. തെറ്റുകൾ ആവർത്തിക്കുന്നതിനാൽ അടുത്ത രണ്ട് വിൻഡോകളിലേക്ക് പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഹൈദരാബാദ് എഫ്‌സിയെ കമ്മിറ്റി വിലക്കി.
രജിസ്ട്രേഷൻ വിൻഡോ മുതൽ ആയ ജൂണിലെ ട്രാൻസ്ഫർ വിൻഡോയിലും അതു കഴിഞ്ഞ് വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും നിരോധനം ഉണ്ടാകും. അതായത് 2024-25 സീസണിൽ മുഴുവൻ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ ഹൈദരാബാദിന് കഴിയില്ല.
മുൻ നൈജീരിയൻ സ്‌ട്രൈക്കർ ബാർത്തലോമിയോ ഒഗ്‌ബെച്ചെക്ക് പണം നൽകുന്നതിൽ ക്ലബ് വീഴ്ച വരുത്തിയതിനെ തുടർന്ന് ആയിരുന്നു ഫിഫ ഹൈദരാബാദ് ക്ലബിനെ വിലക്കിയത്. ഇപ്പോൾ 10ൽ അധികം താരങ്ങൾ ഹൈദരബാദിന് എതിരെ പരാതി നൽകിയിട്ടുണ്ട്. മുൻ കോച്ച് മനോലോക്ക് അടക്കം വേതനം ലഭിക്കാൻ ബാക്കിയുണ്ട്. ഈ സീസണിൽ ഇതുവരെ അഞ്ചിൽ അധികം താരങ്ങൾ ഹൈദരാബാദ് എഫ് സിയുമായുള്ള കരാർ അവസാനിപ്പിച്ച് ക്ലബ് വിട്ടു കഴിഞ്ഞു.