ഗോളടിക്കാത്തതിന് ഇയാൻ ഹ്യൂം കേട്ട വിമർശനങ്ങൾക്കൊക്കെയുള്ള കലിപ്പ് അടക്കി കൊണ്ട് ഹ്യൂമേട്ടൻ. തലസ്ഥാന നഗരയിൽ ഇന്ന് കണ്ടത് തീർത്തും ഹ്യൂമേട്ടൻസ് ബ്രില്യൻസ് ആയിരുന്നു. രണ്ടാം പകുതിയിൽ ആദ്യ 30 മിനുറ്റോളം ബ്ലാസ്റ്റേഴ്സ് വളരെ മങ്ങിയ പ്രകടനമായിരുന്നു നടത്തിയത്. ബ്ലാസ്റ്റേഴ്സിന് ജയം അന്യമാണെന്ന് തോന്നിച്ച സ്ഥലത്തു നിന്നാണ് ഹ്യൂം തകർപ്പൻ പ്രകടനത്തോടെ ബ്ലാസ്റ്റേഴ്സിനെ വിജയ കൊടുമുടിയിൽ എത്തിച്ചത്.
12ആം മിനുട്ടിൽ പെകൂസന്റെ പാസിനു കുറുകെ ഡൈവ് ചെയ്തപ്പോൾ ലഭിച്ച ഗോൾ കമ്മിറ്റ്മെന്റിന് കിട്ടിയ ഫലമാണെങ്കിൽ പിന്നീട് നേടിയ രണ്ട് ഗോളുകളും ഐ എസ് എല്ലിൽ എന്തുകൊണ്ട് ഹ്യൂമേട്ടൻ ടോപ്പ് സ്കോററായി എന്നതിന്റെ തെളിവായിരുന്നു. 77ആം മിനുട്ടിൽ ഇടതുവിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച ഹ്യൂം ഒരു സ്കോറിംഗ് പൊസിഷനിലേ ആയിരുന്നില്ല.
എന്നാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ബോക്സിലേക്ക് കുതിച്ച ഹ്യൂം ഡെൽഹി ഡിഫൻസിനെ കീറി മുറിച്ച് തൊടുത്ത ഷൂട്ട് ഗോൾവലയ്ക്ക് അകത്ത് വലതുമൂലയിൽ പതിക്കുകയായിരുന്നു. ഹ്യൂമിന്റെ ആ രണ്ടാം ഗോൾ ബ്ലാസ്റ്റേഴ്സിന്റെ മൊത്തം ആത്മവിശ്വാസവും ഉയർത്തുക ആയിരുന്നു. പിന്നീട് കണ്ട ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ രണ്ടാം പകുതിയിൽ കണ്ട അതേ ബ്ലാസ്റ്റേഴ്സ് ആയിരുന്നു.
83ആം മിനുട്ടിൽ സിഫ്നിയോസിന്റെ പാസ് സ്വീകരിച്ച് ഗോളിയെ ചിപ്പ് ചെയ്ത് ഒറ്റ ടച്ചിൽ ഫിനിഷ് ചെയ്ത് ഹ്യൂം ഹാട്രിക്ക് തികച്ചതോടെ ഹ്യൂമേട്ടൻ ആരാണ് എന്നത് എല്ലാവരും ഒന്നൂടെ ഓർത്തു. ഇന്നത്തേത് ഇയാൻ ഹ്യൂമിന്റെ ഐ എസ് എല്ലിലെ മൂന്നാം ഹാട്രിക്കാണ്. 26ആം ഗോളും. തലക്ക് പരിക്കേറ്റത് കെട്ടിവെച്ചാണ് ഹ്യൂം കളിയിൽ ഉടനീളം കളിച്ചത്. പ്രകടനത്തിൽ മാത്രമല്ല ടീമിനോടുള്ള ആത്മാർത്ഥതയ്ക്കും ഇന്ന് ഹ്യൂമിനെ മറികടക്കാൻ ആരും ഉണ്ടായിരുന്നില്ല കളത്തിൽ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial