ടോട്ടനം ഹോട്‌സ്പർ താരവും ഇംഗ്ലീഷ് ക്യാപ്റ്റനും ആയ ഹാരി കെയിനെ സ്വന്തമാക്കാനുള്ള് ൽബയേൺ മ്യൂണിക്കിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. 100 മില്യൺ യൂറോയിൽ അധികമുള്ള ഒഫർ ടോട്ടനത്തിന് മുന്നിൽ ബയേൺ വെച്ചിരുന്നു. അതും ഇപ്പോൾ നിരസിച്ചതായി ഡേവിഡ് ഓർൻസ്റ്റെൻ റിപ്പോർട്ട് ചെയ്യുന്നു. ഇനി കെയ്നിനായി ശ്രമിക്കണോ വേണ്ടയോ എന്നതോ ബയേൺ മാനേജ്മെന്റ് കൂടിയാലോചിച്ചു തീരുമാനിക്കും. ഇതിനേക്കാൾ വലിയ ബിഡ് ബയേൺ സമർപ്പിക്കാനുള്ള സാധ്യത കുറവാണ്.
ഒരു കൊല്ലം മാത്രം ഇംഗ്ലീഷ് ക്ലബിൽ കരാർ ബാക്കിയുള്ള കെയ്നിനെ നല്ല ഓഫർ വന്നാൽ വിൽക്കും എന്നായിരുന്നു സ്പർസ് ഉടമ ലെവിയുടെ തീരുമാനം. എന്നാൽ ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തിനായി 100 മില്യണു മുകളിൽ മുടക്കാൻ ആരും തയ്യാറായേക്കില്ല.
കെയ്ൻ ഒരു വർഷം കൂടെ തുടർന്നാൽ സ്പർസിന് ഫ്രീ ഏജന്റായി താരത്തിനെ നഷ്ടമാകും. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ കെയ്നിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ഇപ്പോൾ ബയേൺ മാത്രമാണ് കെയ്നിനായി രംഗത്ത് ഉള്ളത്. സ്പർസിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയ കെയ്ൻ ക്ലബിനൊപ്പം ഒരു കിരീടം നേടാൻ ആകുന്നില്ല എന്നത് കൊണ്ടാണ് ക്ലബ് വിടാൻ ശ്രമിക്കുന്നത്.