ഇംഗ്ലണ്ടിന് എതിരായ ആദ്യ ട്വന്റി ട്വന്റിയിൽ 50 റൺസ് ജയവുമായി ഇന്ത്യ. ഇന്ത്യ മുന്നോട്ട് വച്ച 199 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 19.3 ഓവറുകളിൽ 148 റൺസിന് എല്ലാവരും പുറത്ത് ആവുക ആയിരുന്നു. നേരത്തെ 51 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, 39 റൺസ് നേടിയ സൂര്യകുമാർ യാദവ്, 33 റൺസ് നേടിയ ദീപക് ഹൂഡ എന്നിവരുടെ മികവിൽ ആണ് ഇന്ത്യ കൂറ്റൻ സ്കോറിൽ എത്തിയത്. ട്വന്റി ട്വന്റി കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയ ഹാർദിക് ആ മികവ് ബോളിങിലും തുടരുന്നത് ആണ് പിന്നീട് കണ്ടത്.
നേരിട്ട ആദ്യ പന്തിൽ തന്നെ അപകടകാരിയായ ജോസ് ബട്ട്ലറിന്റെ വിക്കറ്റ് ഭുവനേശ്വർ കുമാർ തെറുപ്പിച്ചപ്പോൾ ഇന്ത്യ മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. ജേസൻ റോയ് റൺസ് കണ്ടത്താൻ വിഷമിച്ചപ്പോൾ 21 റൺസ് നേടിയ ഡേവിഡ് മലാനെയും റൺസ് ഒന്നും നേടാത്ത ലിവിങ്സ്റ്റോണിനെയും ഹാർദിക് മടക്കി. തുടർന്ന് 16 പന്തിൽ 4 റൺസ് മാത്രം എടുത്ത റോയിയെയും ഹാർദിക് ഹർഷൽ പട്ടേലിന്റെ കയ്യിൽ എത്തിച്ചു. തുടർന്ന് ബ്രൂക്, മോയിൻ അലി എന്നിവർ ചേർന്ന് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും രണ്ടു പേരെയും ചഹാൽ മടക്കി.
ബ്രൂക് 23 പന്തിൽ 28 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മോയിൻ അലി 20 പന്തിൽ 36 റൺസ് ആണ് നേടിയത്. 17 പന്തിൽ 26 റൺസ് നേടി ക്രിസ് ജോർദൻ പുറത്താകാതെ നിന്നെങ്കിലും മറുപുറത്ത് വിക്കറ്റുകൾ വീണു. ഹാർദിക് 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ചഹാൽ, വാലറ്റക്കാരെ മടക്കിയ അർഷ്ദീപ് സിംഗ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഹർശൽ പട്ടേൽ എന്നവർ ഓരോ വിക്കറ്റും വീഴ്ത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മയുടെ നായകത്വത്തിൽ തുടർച്ചയായ പതിനെട്ടാം ജയം ആണ് ഇന്ത്യക്ക് ഇത്. അതേസമയം ഒരു മത്സരത്തിൽ ട്വന്റി ട്വന്റിയിൽ അർദ്ധസെഞ്ചുറിയും നാലു വിക്കറ്റുകളും നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ.