ഭാവിയില്‍ തന്റെ വേഗതയാര്‍ന്ന അന്താരാഷ്ട്ര ടി20 അര്‍ദ്ധ ശതകമെന്ന റെക്കോര്‍ഡ് ഭേദിക്കുക കെഎല്‍ രാഹുലോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ആയിരിക്കുമെന്ന് യുവരാജ് സിംഗ്

Sports Correspondent

2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ നിന്നാണ് യുവരാജ് സിംഗ് തന്റെ അര്‍ദ്ധ ശതകം തികച്ചത്. സ്റ്റുവര്‍ട് ബ്രോഡിനെതിരെ നേടിയ ആറ് സിക്സുകള്‍ അടക്കമാണ് അന്ന് യുവരാജ് സംഹാര താണ്ഡവമായത്. അത് അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗതയാര്‍ന്ന അര്‍ദ്ധ ശതകമായിരുന്നു. തന്റെ ഈ റെക്കോര്‍ഡ് ആര് ഭേദിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് യുവരാജ് സിംഗ് ഇപ്പോള്‍.

ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയോ കെഎല്‍ രാഹുലോ ആവും തന്റെ ഈ റെക്കോര്‍ഡ് ഭേദിക്കുവാന്‍ ഏറ്റവും സാധ്യത ഉള്ളവരായി താന്‍ കാണുന്നതെന്ന് യുവരാജ് സിംഗ് പറഞ്ഞു. ഇരു താരങ്ങളും അതിവേഗം സ്കോര്‍ ചെയ്യുവാന്‍ മിടുക്കന്മാരായവര്‍ ആണ്. കെഎല്‍ രാഹുല്‍ ഐപിഎലില്‍ 14 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരമാണ്. അതിനാല്‍ തന്നെ ഇവരിലാരെങ്കിലുമാകും തന്റെ റെക്കോര്‍ഡ് ഭേദിക്കുക എന്ന് യുവരാജ് അഭിപ്രായപ്പെട്ടു.