അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ സ്റ്റാറായിരുന്ന അന്റോണിയോ ഗ്രീസ്മെൻ ഇനി മുതൽ ബാഴ്സലോണയുടെ സ്വന്തം. അവസാന രണ്ട് വർഷങ്ങളായി നീണ്ടു നിന്നിരുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായത്. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന് ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നൽകി ആണ് ബാഴ്സലോണ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. 120 മില്യണോളമായിരുന്നു ഗ്രീസ്മെന്റെ റിലീസ് ക്ലോസ്. ബാഴ്സലോണയിൽ കളിക്കാൻ വേണ്ടി തന്റെ വേതനം കുറച്ചു കൊണ്ടാണ് ഗ്രീസ്മെൻ എത്തുന്നത്.
You were waiting for this. pic.twitter.com/vVR0Prmy0b
— FC Barcelona (@FCBarcelona) July 12, 2019
ലയണൽ മെസ്സി, ഗ്രീസ്മെൻ, സുവാർസ്, ഡെംബലെ എന്ന വലിയ അറ്റാക്കിങ്ങ് പവറായി ഇതോടെ ബാഴ്സലോണ മാറും. ഇനി നെയ്മർ കൂടെ എത്തുകയാണെങ്കിൽ ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത അറ്റാക്കിങ് നിരയായിരിക്കും ബാഴ്സലോണ. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ച ഗ്രീസ്മെന് ട്രാൻസ്ഫർ വേഗത്തിലാക്കാൻ വേണ്ടി അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രീസീസൺ ക്യാമ്പിൽ നിന്ന് മാറി നിന്നിരുന്നു.
അവസാന അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ. കഴിഞ്ഞ സീസണിൽ തന്നെ ഗ്രീസ്മെൻ ബാഴ്സലോണയിൽ എത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിൽ ആകുന്നതിനാൽ ക്ലബിൽ തന്നെ ഗ്രീസ്മെൻ തുടരുകയായിരുന്നു. അന്ന് ബാഴ്സലോണയുടെ ഓഫർ ഗ്രീസ്മെൻ നിരസിച്ചതിനാൽ ഇപ്പോഴും ബാഴ്സലോണ ആരാധകരിൽ ഒരു വിഭാഗത്തിന് ഗ്രീസ്മെന്റെ വരവിൽ അതൃപ്തിയും ഉണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മെൻ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു യൂറോപ്പ ലീഗും, ഒരു യുവേഫ സൂപ്പർ കപ്പും ഗ്രീസ്മെൻ നേടിയിട്ടുണ്ട്.