പുതുതായി പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സണ്ടർലാൻഡിൽ ചേരാൻ മാത്രമാണ് താൽപ്പര്യപ്പെടുന്നതെന്ന് ഗ്രാനിറ്റ് ഷാക്ക ബയേൺ ലെവർകൂസനെ അറിയിച്ചു. 32 വയസ്സുകാരനായ ഈ സ്വിസ് താരം സണ്ടർലാൻഡുമായി വ്യക്തിഗത നിബന്ധനകളിൽ ധാരണയിലെത്തുകയും കൈമാറ്റ നടപടികൾ വേഗത്തിലാക്കാൻ ലെവർകൂസനോട് ആവശ്യപ്പെടുകയും ചെയ്തു. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ആഴ്സണലിൽ ദീർഘകാലം കളിച്ച ശേഷം 2023-ൽ ലെവർകൂസനിൽ ചേർന്ന ഷാക്ക, ബുണ്ടസ് ലിഗ ക്ലബ്ബിന്റെ നിർണായക താരമായിരുന്നു. രണ്ട് സീസണുകളിലായി 99 മത്സരങ്ങൾ കളിച്ച അദ്ദേഹം, 2023-24 സീസണിൽ ലെവർകൂസന് അവരുടെ ആദ്യ ബുണ്ടസ് ലിഗ കിരീടം നേടാൻ സഹായിച്ചു. ജർമ്മനിയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും നേതൃത്വവും ഏറെ പ്രശംസിക്കപ്പെട്ടു, എന്നാൽ ഇപ്പോൾ ഇംഗ്ലണ്ടിൽ ഒരു പുതിയ വെല്ലുവിളിക്ക് അദ്ദേഹം തയ്യാറാണ്..
പ്ലേ-ഓഫ് ഫൈനലിൽ വിജയിച്ച് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടർലാൻഡ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. അവർ ഇതിനോടകം മധ്യനിര താരം ഹബീബ് ദിയാര, വിംഗർമാരായ സൈമൺ അഡിൻഗ്ര, ചെംസ്ഡിൻ താൽബി, ഫുൾബാക്ക് റെയിനിൽഡോ, കൂടാതെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള നോഹ സാദികി എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്.