കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം ജയം തേടി സ്വന്തം തട്ടകത്തിലിറങ്ങിയ ഗോകുലം കേരളക്ക് നിരാശ. നാംധാരി എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്. തുടര്‍ ജയങ്ങളുടെ ആത്മാ വിശ്വാസത്തിലിറങ്ങിയ ഗോകുലത്തിനെതിരേ ആദ്യ 20 മിനുട്ടുനുള്ളില്‍ തന്നെ നാംധാരി രണ്ട് ഗോള്‍ ലീഡെടുത്തു.
15ാം മിനുട്ടില്‍ മുന്നേറ്റ താരം മന്‍വീര്‍ സിങ്ങാണ് ആദ്യം ഗോകുലം വലകുലുക്കിയത്. തൊട്ടു പിറകെ 19ാം മിനുട്ടില്‍ പെനാൽറ്റിയിലൂടെ നാംധാരി രണ്ടാം ഗോളും കണ്ടെത്തി. ആദ്യ പകുതി രണ്ട് ഗോള്‍ ലീഡോടെ അവസാനിപ്പിക്കാനും ഇതോടെ സന്ദര്‍ശകര്‍ക്കായി.
ഗോള്‍ തിരിച്ചടിക്കാനുറച്ച് രണ്ട് മാറ്റങ്ങളുമായാണ് ഗോകുലം രണ്ടാം പകുതിക്കിറങ്ങിയത്. മാര്‍ട്ടിന്‍ ചാവസിനെ പിന്‍വലിച്ച് കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിജിതിനെയും രാഹുല്‍ രാജിനെ പിന്‍വലിച്ച് അദാമ നിയാനെയുമാണ് ഗോകുലം കളത്തിലിറക്കിയത്. എന്നാല്‍ ലക്ഷ്യം കാണാന്‍ ആതിഥേയര്‍ക്കായില്ല. 70ാം മിനുട്ടില്‍ സലാം രഞ്ജന്‍ സിങ്ങിനെ പിന്‍വലിച്ച് വി.പി സുഹൈറിനെയും ഗോകുലം കളത്തിലെത്തിച്ചു. തുടര്‍ന്നും ആക്രമണങ്ങളുമായി ഗോകുലം കളം നിറഞ്ഞെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
ജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി നാംധാരി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോകുലം.അടുത്ത ഹോം മത്സരത്തിൽ ജനുവരി 24 നു ഗോകുലം ഇന്റർ കാശി എഫ് സിയെ നേരിടും.