സീസൺ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിത തീരുമാനവുമായി ഗോകുലം കേരള എഫ് സി. കഴിഞ്ഞ സീസൺ അവസാനത്തോടെ ഗോകുലത്തിന്റെ പരിശീലകനായി എത്തിയ ഫെർണാണ്ടോ വരേല ക്ലബ് വിട്ടു. പ്രീസീസൺ മത്സരങ്ങളിലും മറ്റുമുള്ള ഗോകുലം എഫ് സിയുടെ പ്രകടനങ്ങളിലെ മാനേജ്മെന്റിന്റെ അതൃപ്തിയാണ് പുതിയ പരിശീലകന്റെ പണി ഐലീഗ് തുടങ്ങും മുമ്പ് തന്നെ അവസാനിക്കാൻ കാരണം.
കഴിഞ്ഞ ദിവസം പ്രീസീസൺ മത്സരത്തിൽ ഗോകുലം ബെംഗളൂരു എഫ് സിയോട് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനു മുമ്പ് പൂനെ സിറ്റിയോടും ഒപ്പം AWES കപ്പിലും ഗോകുലത്തിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. കഴിഞ്ഞ ഐലീഗ് സീസൺ ബിനോ ജോർജ്ജിന്റെ കീഴിൽ മികച്ച രീതിയിൽ അവസാനിപ്പിച്ച ഗോകുലത്തിന് പുതിയ പരിശീലകൻ എത്തിയത് അന്നും അപ്രതീക്ഷിത നീക്കമായിരുന്നു. ഇന്ന് അദ്ദേഹം ക്ലബ് വിടുമ്പോഴും ഫുട്ബോൾ ആരാധകർക്ക് ഇത് അപ്രതീക്ഷിതം തന്നെയാണ്.
സ്പാനിഷ് പരിശീലകനായ വരേലയുടെ ആദ്യത്തെ മുഖ്യപരിശീലക വേഷമായിരുന്നു ഗോകുലം എഫ് സിയിലേക്ക്. ആ ജോലി ശരിക്ക് തുടങ്ങും മുമ്പ് തന്നെ ക്ലബ് വിടേണ്ടി വന്നത് അദ്ദേഹത്തെയും നിരാശയിലാക്കും. ആരാകും ഇനി ഗോകുലത്തെ നയിക്കുക എന്ന് വ്യക്തമല്ല. ബിനോ ജോർക്ജ് തന്നെ വീണ്ടും ഗോകുലത്തിന്റെ പരിശീലകൻ ആകുമോ അതോ പുതിയ പരിശീലകരെ ക്ലബ് എത്തിക്കുമോ എന്നത് ഉടൻ തന്നെ അറിയാൻ സാധിക്കും.