ഡ്യൂറണ്ട് കപ്പ് കിരീടം കേരളത്തിലേക്ക് എത്തിക്കുക എന്ന വലിയ സ്വപ്നത്തിന് അടുത്തിരിക്കുകയാണ് മലബാറിന്റെ ക്ലബ് ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന ആവേശകരമായ സെമിയിൽ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിനെ ആണ് ഗോകുലം തോൽപ്പിച്ചത്. അതും ഈസ്റ്റ് ബംഗാളിന് പിന്തുണയുമായി എത്തിയ ആയിരങ്ങളെ നിശബ്ദരാക്കി കൊണ്ട്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ആണ് ഗോകുലം കേരള എഫ് സി വിജയം ഉറപ്പിച്ചത്.
ഈസ്റ്റ് ബംഗാളിന് ശക്തമായ ആരാധക പിന്തുണ ഗ്യാലറിയിൽ ഉള്ളത് കൊണ്ട് ഈസ്റ്റ് ബംഗാൾ ആണ് മത്സരം മികച്ച രീതിയിൽ തുടങ്ങിയത്. 18ആം മിനുട്ടിൽ ഗോകുലത്തിന്റെ ഡിഫൻസീവ് പിഴവിൽ നിന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ പിറന്നത്. ഗോകുലം കീപ്പർ ഉബൈദ് ഒരു ക്രോസ് കൈയ്യിലാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഗോകുലം ഡിഫൻസിന്റെ താളം തെറ്റി. ഇത് മുതലാക്കി ഈസ്റ്റ് ബംഗാൾ സമദ് അലി മാലിക്കിലൂടെ ഗോൾ നേടുകയായിരുന്നു.
കളി മുന്നോട്ട് പോയപ്പോൾ ഗോകുലം മികച്ച അറ്റാക്കിംഗ് നീക്കങ്ങൾ നടത്തി എങ്കിലും കാര്യമുണ്ടായില്ല. മാലം, ബ്രൂണോ, മാർക്കസ് എന്നിവരൊക്കെ ഗോളിനായി മികച്ച ശ്രമങ്ങൾ നടത്തി എങ്കിലും ഗോൾ പിറന്നില്ല. പക്ഷെ കളിയുടെ അവസാന നിമിഷങ്ങളിൽ ഗോകുലം നടത്തിയ ഓൾ ഔട്ട് അറ്റാക്ക് ടാക്ടിക്സിന് ഗുണം ഉണ്ടായി. കളിയുടെ ഇഞ്ച്വറി ടൈമിൽ ഗോകുലത്തിന് പെനാൾട്ടി. ഒപ്പം ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് ചുവപ്പ് കണ്ട് പുറത്തും. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ മാർക്കസിന് പിഴച്ചില്ല. ഗോകുലം 1-1!!! മാർക്കസിന്റെ ടൂർണമെന്റിലെ ഒമ്പതാം ഗോൾ ആയിരുന്നു ഇത്.
കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ഗോകുലം കേരള എഫ് സി ആധിപത്യം പുലർത്തിയെങ്കിലും വിജയ ഗോൾ പിറന്നില്ല. മലയാളി ഗോൾ കീപ്പറായ മിർഷാദ് ഗംഭീര പ്രകടനം തന്നെ ഈസ്റ്റ് ബംഗാളിനായി നടത്തി. മാർക്കസിന്റെ ഗോളെന്ന് ഉറച്ച രണ്ട് അവസരങ്ങളാണ് എക്സ്ട്രാ ടൈമിൽ മിർഷദ് രക്ഷപ്പെടുത്തിയത്.
പക്ഷെ പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗോകുലം ഗോൾ കീപ്പർ ഉബൈദ് ആയി ഹീറോ. ഈസ്റ്റ് ബംഗാളിന്റെ മൂന്ന് പെനാൾട്ടികൾ വലയിൽ എത്താതെ കാത്ത് ഉബൈദ് കേരളത്തിന്റെ ഹീറോ ആയി മാറി!! 3-2 എന്ന സ്കോറിനാണ് പെനാൾട്ടിയിൽ ഗോകുലം കേരളം ഫൈനൽ ഉറപ്പിച്ചത്. രണ്ടാം സെമിയിൽ ഇന്ന് രാത്രി മോഹൻ ബഗാനും റിയൽ കാശ്മീരും ആണ് ഏറ്റുമുട്ടുക.