ഫതോർഡയ്ക്ക് ചുറ്റും ആരാധകരായി രാവിലെ തന്നെ നിറഞ്ഞു. ടിക്കറ്റ് ഇല്ലാത്തവരും ഉള്ളവരും ഒക്കെ. മുഴുവൻ ഊർജ്ജവും കളിക്കാർക്ക് വേണ്ടി ചിലവഴിക്കേണ്ടത് കൊണ്ട് നടക്കാൻ നിന്നില്ല. ഓട്ടോയിൽ സ്റ്റേഡിയത്തിലേക്ക്. അവിടെ അടുത്തുള്ള തണലിൽ ഒക്കെ ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്രമിക്കുന്നു. പലരും ദീർഘയാത്ര കഴിഞ്ഞ് വന്നവരാണ്. എന്റെ ഡോർമിൽ ഉണ്ടായിരുന്ന ഒരു സുഹൃത്ത് രണ്ട് വിമാനം കയറിയാണ് കേരളത്തിൽ നിന്ന് ഗോവ എത്തിയത്. ബാംഗ്ലൂരിൽ നിന്ന് ബൈക്ക് റെന്റ് എടുത്ത് വന്നവരും ട്രെയിൻ ടിക്കറ്റും കളിയുടെ ടിക്കറ്റും ഇല്ലാതെ ട്രെയിനിൽ വന്നവരും എല്ലാം ചുറ്റുമുണ്ട്.
പലരുടെയും ടിക്കറ്റ് അന്വേഷണം ഫലിച്ചു. ചിലർക്ക് 200 രൂപക്ക് തന്നെ ടിക്കറ്റ് കിട്ടി. ചിലർ 2500 വരെ 150 രൂപയുടെ ടിക്കറ്റിനായി ചിലവഴിക്കേണ്ടതും വന്നു. ജേഴ്സിക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു ഞാൻ. തെരുവിൽ ഒരു ട്രോളിയിൽ കൊണ്ട് വന്ന് ജേഴ്സി വിക്കുന്ന സിക്സ് 5 സിക്സ് പ്രതിനിധിയിൽ നിന്ന് ജേഴ്സി വാങ്ങി. മഞ്ഞ തെരുവിന്റെ ഭാഗമായി മാറി.
കടുത്ത ചൂട് കാരണം തന്നെ ഒരോ വെള്ളം വിക്കുന്ന കടയിലും നല്ല തിരക്ക്. കയറിയ കടയിൽ ഒരു ചേച്ചി ഒറ്റയ്ക്ക് ആയത് കൊണ്ട് തന്നെ കുറച്ച് സമയം ഞങ്ങൾ അവരുടെ സഹായിയായും മാറേണ്ടി വന്നു. ഇതിനിടയിൽ ഒക്കെ പല ബ്ലാസ്റ്റേഴ്സ് ആരാധകരെയും കണ്ടു എവിടെ നിന്നാണ് എന്ന ചോദ്യം ചോദിച്ചു. ലൂണ ഉണ്ടാകുമോ സഹൽ ഉണ്ടാകുമോ എന്ന ആശങ്ക എല്ലാവരും പരസ്പരം പങ്കുവെച്ചു.
ആരാധക കൂട്ടങ്ങൾ ഒരോ ഗേറ്റിനു മുന്നിൽ ക്യൂകൾ രൂപീകരിച്ച് തുടങ്ങി. ചില കൂട്ടങ്ങൾ ചാന്റ്സുകൾ പാടുന്നു, ചിലർ നാടൻ പാട്ടുകൾ പാടി. മാധ്യമങ്ങൾ ഇവർക്കൊക്കെ പിറകെ പോയി. ചില മാധ്യമ സുഹൃത്തുക്കളെ കണ്ടു കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചു. വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒപ്പം കളിക്കാരുടെ ബസ്സും കാത്തു നിന്നു. ഇതിനിടയിൽ കുറച്ച് ഹൈദരബാദ് ആരാധകർ ആ വഴി നടന്നു പോയി. അവരെ മുഴുവൻ ബ്ലാസ്റ്റേഴ്സ് ആരാധകരും കയ്യടിയോടെ വരവേറ്റു.
താരങ്ങൾ വരുമ്പോഴേക്ക് ഫതോർഡയുടെ ഈസ്റ്റ് അപ്പർ ഗ്യാലറിയിൽ ഇടം പിടിച്ചു. ഗ്രൗണ്ടിലേക്ക് താരങ്ങളും ഇവാനും ബസ്സ് ഇറങ്ങിയതിനു പിന്നാലെ വന്നു. ആരാധകർ അവരെ അവരുടെ തൊണ്ട പൊട്ടുമാറ് ഉറക്കെ വിളിച്ച് വരവേറ്റു. മഞ്ഞപ്പടയുടെ ചാന്റ്സ് ലീഡ് ചെയ്യുവന്നവർക്കും ബാൻഡിനും ഒപ്പം ആയുരുന്നു ഇരുന്നത്. വെള്ളം അകത്തേക്ക് എടുക്കാൻ പറ്റാത്തതിനാൽ തൊണ്ട വരളുന്നുണ്ടായിരുന്നു. ഒരു ഗ്ലാസ് സോഫ്റ്റ് ഡ്രിങ്കിന് 50 രൂപയ്ക്ക് ആണ് സ്റ്റേഡിയത്തിനകത്ത് അവർ വിറ്റത്. വളരെ കുറച്ച് പേർക്ക് മാത്രമെ അത് വാങ്ങാൻ പറ്റിയുള്ളൂ.
സ്റ്റേഡിയത്തിലേക്ക് ആളുകൾ നിറഞ്ഞു. സൂര്യൻ അസ്തമിച്ചതോടെ ചൂടും കുറഞ്ഞ് തുടങ്ങി. 6.25 ആയപ്പോൾ മുതൽ എല്ലാവരും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വാട്സപ്പിലും ഒക്കെ ആയി ലൈനപ്പിനായുള്ള റിഫ്രഷുകൾ ആരംഭിച്ചു. ചാന്റ്സ് നയിക്കുന്നവർ എനർജി കളയരുത് എന്നും എല്ലാം താരങ്ങൾക്ക് വേണ്ടിയാകണം കളയുന്നത് എന്നും ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.
ലൈനപ്പിൽ ലൂണ ഉണ്ടെന്നും സഹൽ ഇല്ലെന്നും അറിഞ്ഞപ്പോൾ സന്തോഷവും നിരാശയും ഒരുമിച്ച് എല്ലാവരിലും പടർന്നു. പിന്നാലെ സ്റ്റേഡിയത്തിലും ലൈനപ്പ് അനൗൺസ്മെന്റ് വന്നു.ആദ്യം ഹൈദരബാദിന്റെ ലൈനപ്പ്. ഒരോ താരങ്ങളെയും ഞങ്ങൾ ബൂ ചെയ്തു. പക്ഷെ ഒഗ്ബെചെയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ സ്റ്റേഡിയം മുഴുവൻ കയ്യടികൾ ഉയർന്നു. നമ്മുടെ പഴയ ക്യാപ്റ്റനോടുള്ള സ്നേഹം.
കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പിൽ എല്ലാവരും കയ്യടികൾ ഏറ്റുവാങ്ങി. ലൂണയ്ക്ക് വേണ്ടി ആയിരുന്നു ഏറ്റവും വലിയ ചിയർ. പക്ഷെ കോച്ച് ഇവാന്റെ മുഖം സ്ക്രീനിൽ തെളിഞ്ഞപ്പോൾ ആരാധകരുടെ ശബ്ദം വീണ്ടും പുതിയ തലത്തിലേക്ക് ഉയർന്നു.
കളി ആരാംഭിക്കാൻ ആയപ്പോൾ ആണ് ഒരു സ്റ്റാൻഡിൽ ഹൈദരാബാദ് ആരാധകർ നിറഞ്ഞത്. അവർക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുകളിൽ ശബ്ദം ഉയർത്താനേ ആയില്ല. വെസ്റ്റ് അപ്പർ ഉൾപ്പെടെ സ്റ്റേഡിയത്തിൽ പലയിടത്തും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന കാഴ്ച അലോസരപ്പെടുത്തി. ടിക്കറ്റ് ഇല്ലാത്തതിനാൽ എത്ര പേരാണ് പുറത്തും യാത്ര തുടങ്ങാതെയും ഇരുന്നത്.
കിക്കോഫ് മുതൽ ഈസ്റ്റ് അപ്പർ സ്റ്റാൻഡ് ഇരുന്നിട്ടില്ല. ഓ കേരള എന്ന ചാന്റ്സിൽ തുടങ്ങിയ ഓളം ഒരോ നീക്കങ്ങളിലും തുടർന്നു. കളത്തിൽ തന്റെ എല്ലാം നൽകിയ രാഹുലിന്റെ പേരാണ് ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടത്. ഹി ഈസ് വൺ ഓഫ് ഔർ ഓൺ പാടുമ്പോൾ രോമം ഒക്കെ എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നു.
ആല്വാരോയ്ക്ക് വലതു വിങ്ങിൽ പാസിനായി കാത്തിരുന്നിട്ടും ആരും പാസ് ചെയ്യാതെ ആയപ്പോൾ പാസ് ദ ബോൾ ടു ആല്വാരോ എന്ന ചാന്റ് സ്റ്റേഡിയത്തിൽ മുഴങ്ങി. അവസാനം ഒരു ലോങ്ങ് ബോളിലൂടെ ബ്ലാസ്റ്റേഴ്സ് ആല്വാരോയെ കണ്ടെത്തിയപ്പോൾ ആ ചാന്റ്സ് കയ്യടികളായി മാറി. ഖാബ്രയും ആദ്യ പകുതിയിൽ ആരാധകരുടെ പ്രിയ താരമായി മാറി.
ആദ്യമായി പന്ത് പോസ്റ്റിൽ അടിച്ച് മടങ്ങിയപ്പോൾ ആദ്യ നിശബ്ദത വന്നു. എന്താണ് നമ്മുക്ക് എന്നും ഇങ്ങനെ എന്നുള്ള പിറുപിറുക്കലുകൾ. ഇടയ്ക്ക് റഫറിക്ക് എതിരെയും ശക്തമായു ശബ്ദം ഉയർന്നു. ആദ്യ പകുതി അവസാനിക്കുന്നത് വരെ ഒരു നിമിഷം പോലും ഞങ്ങൾ ആരും ഇരുന്നില്ല. ആരും ചാന്റ്സ് നിർത്തിയില്ല. ഹൈദരബാദ് പ്ലയർ പരിക്ക് അഭിനയിച്ച് നിലത്ത് കിടന്നപ്പോൾ എല്ലാവരും ചേർന്ന് ‘ചാഞ്ചാടിയാടി ഉറങ്ങ് നീ’ എന്ന പാട്ട് ചിരിയോടെ പാടി.
ആദ്യ പകുതിയുടെ ഇടവേളയിൽ ഒരിറ്റു വെള്ളം ആഗ്രഹിച്ചു എങ്കിലും അതിനുള്ള വകുപ്പ് ഉണ്ടായിരുന്നില്ല. എല്ലാവരും ക്ഷീണിതരായിരുന്നു. പലർക്കും ശബ്ദവും നഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ ടീം ഇറങ്ങിയപ്പോൾ തളർന്ന് ഇരുന്നവരൊക്കെ വീണ്ടും എഴുന്നേറ്റു. വി ബിലീവ് ദാറ്റ് വി വിൽ വിൻ പാടിക്കൊണ്ട് വീണ്ടും ചാന്റ്സ് തുടർച്ച.
പാടുന്നുണ്ടായിരുന്നു എങ്കിലും എല്ലാവരും തളർന്ന് വരികയായിരുന്നു. ആ സമയത്താണ് രാഹുലിന്റെ ഗോൾ വന്നത്. ഊർജ്ജം റീഫിൽ ചെയ്ത ഫീലായിരുന്നു അത്. ആ മൊമന്റിൽ ആരെയൊക്കെ കെട്ടിപ്പിയ്യിച്ചെന്നും ആരൊയൊക്കെ നോക്കി പരസ്പരം ആഹ്ലാദത്താൽ അലറി എന്നും ഓർമ്മയില്ല. രാഹുലിന്റെ പേര് ആദ്യം ഉയർന്നു. പിന്നാലെ പൊൻസാൻ ആഘോഷം.
ആ ഗോൾ മുതൽ അങ്ങോട്ട് ഞങ്ങൾ കിരീടത്തിന് തൊട്ടടുത്താണെന്ന വിശ്വാസത്തോടെയാണ് ആരാധകർ പെരുമാറിയത്. എല്ലാവരും സന്തോഷത്തിൽ. കളിക്കാരുടെ ഒരോ ടച്ചിനും ഒരായിരം ചിയറുകൾ. അങ്ങനെ കിരീടം കണ്ണിൽ തെളിഞ്ഞു വരെ ആയിരുന്നു ഹൈദരബാദിന്റെ ഗോൾ. ആകെ നിരാശ, അവിശ്വസനീയ ഫീൽ. ഇത്തിരി നേരം ഹൈദരബാദ് ആരാധകരുടെ ശബ്ദം കേട്ടെങ്കിലും കമോൺ ബ്ലാസ്റ്റേഴ്സ് എന്ന ചാന്റ് അവരെ നിശബ്ദരാക്കി.
പിന്നീട് അങ്ങോട്ട് രോഷം അധികമായിരുന്നു. ലൂണ ഹൈദരബാദ് ബെഞ്ചുമായി ഉടക്കിയപ്പോൾ ‘ആരു നമ്മുടെ കപ്പിത്താൻ’ എന്ന ചാന്റ് വീണ്ടും ഉയർന്നു. നീണ്ട എക്സ്ട്രാ ടൈമിന് ശേഷം പെനാൾട്ടികൾ. പലർക്കും ആ പെനാൾട്ടി കാണാനുള്ള ശക്തി പോലും ഉണ്ടായിരുന്നില്ല. ആദ്യ കിക്ക് പാളിയപ്പോൾ തന്നെ നിരാശ ഉയർന്നു. എന്താകും വിധി എന്ന് പലരും ഉൾക്കൊള്ളാൻ തുടങ്ങി. വിജയ പെനാൾട്ടി വന്നപ്പോൾ ആദ്യം ഒരു ദീർഘനിശ്വാസം വന്നു. ഹൈദരബാദ് ആരാധകരും താരങ്ങളും ഒരു നിമിഷത്തേക്ക് ഫതോർഡയുടെ ശബ്ദമായി. പക്ഷെ ആ ഒരു നിമിഷം മാത്രം. തൊട്ടു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകർ അവരുടെ ഈ ദിവസത്തെ ഏറ്റവും ഉയർന്ന ശബ്ദത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ചാന്റ്സുകൾ പാടി.
പിന്നെ ഇവാനും താരങ്ങളും ഒക്കെ ആരാധകരോടു തിരിച്ചും പിന്തുണകൾക്ക് നന്ദി അറിയിച്ചു. ഗ്യാലറി വിടുമ്പോൾ പലരും മുഖം അമർത്തി കരയുക ആയിരുന്നു. ഹൈദരബാദ് ഈ വിജയം അർഹിച്ചിരുന്നില്ല എന്നായിരുന്നു പുറത്തേക്കുള്ള വഴിയിലെ ചർച്ചകൾ എല്ലാം. സാരമില്ല എന്ന ആശ്വസിപ്പിക്കലും. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്തവരോടും ഇനി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്തവരോടും കൊച്ചിയിൽ വെച്ച് കാണാം എന്ന് പറഞ്ഞു. കണ്ടാലും കണ്ടില്ലാ എങ്കിലും ബ്ലാസ്റ്റേഴ്സ് ജയിക്കുമ്പോൾ ഒരേ സന്തോഷം പങ്കിടുന്നവരായിരിക്കും നമ്മളെന്ന് ഓർമ്മിപ്പിച്ചു.
തെരുവിൽ തളർന്ന് ഇരിക്കുന്നവർ. വെള്ളം വാങ്ങാൻ പോലും കയ്യിൽ ഇനി പൈസ ഇല്ലാത്ത മഞ്ഞ ജേഴ്സു ഇട്ടവരെ കണ്ടു. ദാഹം പരസ്പരം മാറ്റി ഒരോരുത്തരും ഒരോ വഴിയിയെ നാട്ടിലേക്ക് നീങ്ങി. റൂം വരെയുള്ള നടത്തതിൽ പല ബ്ലാസ്റ്റേഴ്സ് ആരാധകരെയും കണ്ടു. എല്ലാവർക്കും പരസ്പരം അനുകമ്പ ആയിരുന്നു. എത്ര കഷ്ടപ്പെട്ടായാലും ഇങ്ങോട്ട് വരുമ്പോൾ എല്ലാവർക്കും ആ കഷ്ടപ്പാടിനു മുകളിൽ ഈ കിരീട പ്രതീക്ഷ ഉണ്ടായിരുന്നു. തിരികെ നടക്കുമ്പോൾ കഷ്ടപ്പാട് മാത്രമെ ഉള്ളൂ.
തിരികെ റൂം എത്തി ഭക്ഷണം ഓർഡർ ചെയ്തു. ഫുഡ് തന്ന ഡെലിവറി ബോയ് കേരളത്തിൽ നിന്നാണോ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞു. കളി തോറ്റത്തിൽ സോറി പറഞ്ഞു. എല്ലാം ശരിയാകും എന്ന് പറഞ്ഞു. പരസ്പരം ശുഭരാത്രി പറഞ്ഞു പിരിഞ്ഞു. രാവിലെ റെയിൽവേ സ്റ്റേഷനിലും നിരാശ നിറഞ്ഞ ബ്ലാസ്റ്റേഴ്സ് ജേഴ്സിക്കാരെ കണ്ടു. കാത്തിരിപ്പിന്റെ സുഖം എന്ന് സിനിമേൽ പറയാൻ മാത്രമെ രസൂള്ളൂ എന്ന് സ്വയം പറഞ്ഞ് ട്രെയിനിൽ കയറി കണ്ണടച്ചു.