അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടരുമെന്ന് സൂചന നൽകി ഇവാൻ, അടുത്ത ആഴ്ച ബോർഡുമായി ചർച്ച നടത്തും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) അടുത്ത സീസണിൽ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സൂചന നൽകി. തന്റെ ഭാവിയെക്കുറിച്ച് ബോർഡുമായി ചർച്ച ചെയ്യാൻ അടുത്ത ആഴ്ച സമയം കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു. ആറ് വർഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ അവരുടെ ആദ്യ ഫൈനലിലേക്ക് നയിച്ച വുകൊമാനോവിച്ച് ഞായറാഴ്ച വലിയ സ്വീകരണം നൽകിയ ആരാധകരും ഇവാൻ തുടരും എന്നാകും പ്രതീക്ഷിക്കുന്നത്.

“ഞാൻ മാനേജ്‌മെന്റുമായി സംസാരിച്ചു. തുടരാൻ വലിയ ആഗ്രഹമുണ്ടെന്നാണ് ഞങ്ങൾ പരസ്പരം പറഞ്ഞത്”ഞായറാഴ്ച നടന്ന ഫൈനലിന് ശേഷം വുകൊമാനോവിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

“സീസൺ പൂർത്തിയായതിനാൽ ഇനി മാനേജ്‌മെന്റുമായി ഇരുന്ന് സംസാരിക്കാനും പരിഹാരം കണ്ടെത്താനും ശ്രമിക്കും, ഫൈനലിലേക്കുള്ള വഴിയിൽ മറ്റൊന്നിലും ശ്രദ്ധ മാറാതിരിക്കാൻ ആണ് ഈ ചർച്ചകൾ മാറ്റിവെച്ചത്” ഇവാൻ പറഞ്ഞു. വരും സീസണിൽ പരസ്പരം കാണാം എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.