ജംഷദ്പൂരിൽ ഗോൾകീപ്പിങ് പിഴവുകളുടെ സമനില

- Advertisement -

ഐ എസ് എൽ അഞ്ചാം സീസണിൽ ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ 1-1 എന്ന നിലയിൽ മത്സരം സമനിലയിൽ ആക്കുകയായിരുന്നു. എ ടി കെ ഗോൾ കീപ്പർ അരിന്ദാം ഭട്ടാചാര്യയും ജംഷദ്പൂർ കീപ്പർ സുഭാഷിഷും രണ്ട് വൻ പിഴവുകൾ വരുത്തിയതിലൂടെ ആയിരുന്നു കളിയിലെ രണ്ടു ഗോളുകളും പിറന്നത്.

ആദ്യം എ ടി കെ ഗോൾ കീപ്പർ അരിന്ദാമിന്റെ പിഴവ് ആണ് വന്നത്. 35ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ജംഷദ്പൂരിന്റെ ആദ്യ ഗോൾ പിറന്നത്. ജംഷദ്പൂരിന്റെ സിഡോഞ്ച എടുത്ത ഫ്രീകിക്ക് അരിന്ദാമിന്റെ തൊട്ടു മുന്നിൽ കുത്തി വലയിലേക്ക് കയറി. അരിന്ദാമിന് എളുപ്പത്തിൽ തടയാൻ കഴിയുമായിരുന്നു ഫ്രീകിക്ക് ആയിരുന്നു അത്. പക്ഷെ അരിന്ദാമിന് പിഴച്ചു. സിഡോഞ്ചയുടെ ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്.

ഹാഫ് ടൈം വിസിലിന് തൊട്ടു മുമ്പ് തന്നെ ജംഷദ്പൂരിന്റെ പിഴവും പിറന്നു. ലാൻസരോട്ടെ എടുത്ത കോർണർ നേരെ എ ടി കെ കീപ്പർ സുഭാഷിഷിന്റെ കൈകളിലേക്കായിരുന്നു വന്നത്. പക്ഷെ ആ പന്ത് സുരക്ഷിതമാക്കാൻ സുഭാഷിഷിന് ആയില്ല. അദ്ദേഹത്തിന്റെ പഞ്ച് പിഴക്കുകയും അത് ഗോളായി മാറുകയും ചെയ്തു.

രണ്ടാം പകുതി വിരസമായിരുന്നു. നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ വരെ ഇരു ടീമുകൾക്കും ആയി. ഇന്നത്തെ സമനില ജംഷദ്പൂരിനെ അഞ്ചു പോയന്റിലും കൊൽക്കത്തയെ നാലു പോയന്റിലും എത്തിച്ചു.

Advertisement