എഫ് സി ഗോവയുടെ ഗംഭീരമായ പൊരുതൽ ഫലം കണ്ടില്ല. ഐ എസ് എല്ലിൽ ചെന്നൈയിൻ തന്നെ ഫൈനലിലേക്ക് കടന്നു. ആദ്യ പാദത്തിലെ 4-1ന്റെ പരാജയം മറികടക്കേണ്ടത് ഉണ്ടായിരുന്നു എഫ് സി ഗോവയ്ക്ക് ഇന്ന്. സ്വന്തം തടക്കത്തിൽ പൊരുതിയ ഗോവ 4-2ന് വിജയിച്ചിട്ടും ഫൈനലിലേക്ക് എത്താൻ എഫ് സി ഗോവയ്ക്ക് ആയില്ല. 6-5ന്റെ അഗ്രിഗേറ്റ് സ്കോറിൽ ചെന്നൈയിൻ ഫൈനലിലേക്ക് കടന്നു.
ഇന്ന് മൂന്നു ഗോളുകളുടെ വ്യത്യാസത്തിലും ജയിക്കേണ്ടിയിരുന്ന ഗോവയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയത്. ആദ്യ 21 മിനുട്ടിൽ തന്നെ എഫ് സി ഗോവ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ഒരു സെൽഫ് ഗോളും പിന്നെ മൗർറ്റാട ഫാളിന്റെ ഗോളുമായിരുന്നു ഗോവയ്ക്ക് മികച്ച തുടക്കം നൽകിയത്. പക്ഷെ പിന്നാലെ ഹ്യൂഗോ ബോമസിന് പരിക്കേറ്റ ഗോവയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചാങ്തെയും വാൽസ്കിസും വല കണ്ടെത്തിയതോടെ ചെന്നൈയിൻ മത്സരത്തിൽ തിരിച്ചെത്തി.
82ആം മിനുട്ടിൽ ഏഡു ബേഡിയയും പിന്നാലെ ഫാളും നേടിയ ഗോൾ ഗോവയെ 4-2ന് മുന്നിൽ എത്തിച്ചു എങ്കിലും അപ്പോഴേക്ക് വൈകിപ്പോഴിരുന്നു. ചെന്നൈയിൻ നേടിയ രണ്ട് എവേ ഗോളുകളും മത്സരം ഗോവയിൽ നിന്ന് അകറ്റി. ചെന്നൈയിന്റെ നാലാമത്തെ ഐ എസ് എൽ ഫൈനലാണിത്.