പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ഇരു ടീമുകളും കച്ചകെട്ടി ഇറങ്ങിയ മത്സരത്തിൽ ഗോവക്കെതിരെ കോപ്പലാഷന്റെ എ.ടി.കെക്ക് തോൽവി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു എഫ്.സി ഗോവയുടെ വിജയം. ഇരട്ട ഗോളോടെ ഫെറാൻ കൊറോമിനാസ് ആണ് മത്സരത്തിൽ താരമായത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഗോവക്കായി.
മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ എ.ടി.കെയെ ഞെട്ടിച്ചു കൊണ്ട് ഗോവ മത്സരത്തിൽ മുൻപിലെത്തി. കോറോയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ജാക്കിചന്ദ് സിങ് ആണ് ആദ്യ മിനുട്ടിൽ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതിൽ കൂടുതൽ സമയവും ഗോവയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയതെങ്കിലും കൂടുതൽ ഗോൾ നേടാൻ അവർക്കായില്ല.
രണ്ടാം പകുതി ഏഴാം മിനുട്ടിൽ തന്നെ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന എ.ടി.കെയുടെ മോഹത്തിന് കോറോമിനാസ് അവസാനം കുറിച്ച്. മന്ദർ റാവു ദേശായിയുടെ ഷോട്ട് എ.ടി.കെ ഗോൾ കീപ്പർ അരിണ്ടം ഭട്ടാചാര്യ തടഞ്ഞെങ്കിലും റീബൗണ്ട് ബോൾ ഗോളാക്കി കോറോ ലീഡ് ഉയർത്തുകയായിരുന്നു. രണ്ട് ഗോൾ വഴങ്ങിയതോടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച എ.ടി.കെ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോവൻ പോസ്റ്റിൽ നവീൻ കുമാറിന്റെ പ്രകടനം അവർക്ക് വിലങ്ങുതടിയായി.
എന്നാൽ മത്സരത്തിന്റെ 79മത്തെ മിനുട്ടിൽ ഗോവ വിജയമുറപ്പിച്ച ഗോൾ നേടി. പെനാൽറ്റി ബോക്സിൽ കോറോയെ എ.ടി.കെ താരം റിക്കി ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി വിളിക്കുകയും പെനാൽറ്റി എടുത്ത കോറോ ഗോളകുകയുമായിരുന്നു. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ഗോവ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. 16 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി എ.ടി.കെ ആറാം സ്ഥാനത്താണ്.ഇന്നത്തെ തോൽവിയോടെ എ.ടി.കെയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.