അങ്ങനെ രണ്ട് മാസത്തെ അഭാവത്തിന് ശേഷം ഫുട്ബോൾ ലോകം ഉണരാൻ പോവുകയാണ്. കൊറോണ കാരണം നിലച്ച ഫുട്ബോൾ ലോകം ആദ്യം പന്ത് തട്ടി തുടങ്ങുക ജർമ്മനിയിൽ. ബുണ്ടസ് ലീഗ് മെയ് 15ന് പുനരാരംഭിക്കാൻ ഔദ്യോഗികമായി അനുവാദം ലഭിച്ചിരിക്കുകയാണ്. കാണികൾ ഇല്ലാതെയാകും മത്സരം നടക്കുക എങ്കിലും ലോകം മുഴുവൻ ജർമ്മൻ ഫുട്ബോൾ കാണാൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്തെങ്കിലും ഒരു ഫുട്ബോൾ മത്സരം കണ്ടാൽ മതി എന്ന് വിചാരിച്ച് നിൽക്കുന്ന ഫുട്ബോൾ ആരാധകർക്ക് ജർമ്മൻ ലീഗ് ഒരു വിരുന്ന് തന്നെയാകും. കിരീട പോരാട്ടം ശക്തിയാർജിക്കുന്ന സമയത്ത് ആയിരുന്നു ജർമ്മനിയിൽ ഫുട്ബോൾ നിർത്തി വെക്കേണ്ടി വന്നിരുന്നത്. 25 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 5 പോയന്റിന്റെ ലീഡിൽ ബയേൺ ആണ് ഒന്നാമത് ഉള്ളത്. ഡോർട്മുണ്ടും, ലെപ്സിഗും, ഗ്ലാഡ്ബാചും, ലെവർകൂസനും ഒക്കെ ഇപ്പോഴും കിരീട പ്രതീക്ഷയുമായി ബയേണിന് പിറകിൽ ഉണ്ട്.
താരങ്ങൾ അവസാന ഒരു മാസമായി പരിശീലനം നടത്തുന്നുണ്ട് എന്നതു കൊണ്ട് തന്നെ താരങ്ങളുടെ ഫിറ്റ്നെസ് ഒരു പ്രശ്നമാകില്ല എന്നാണ് ജർമ്മൻ ക്ലബുകൾ കരുതുന്നത്. എന്തായാലും ജർമ്മൻ ഫുട്ബോളിന് ഇതുവരെ ലഭിക്കാത്ത അത്ര സ്വീകാര്യത ഈ ഏപ്രിൽ 15മുതൽ ലോക ഫുട്ബോൾ പ്രേക്ഷകർക്ക് ഇടയിൽ ലഭിക്കും എന്നതിൽ സംശയമില്ല.