സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 6 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്ന് നടന്ന സിപിഎല്‍ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടുകയായിരുന്നു. ക്രിസ് ഗെയില്‍ നേടിയ 86 റണ്‍സ് പ്രകടനത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും കഴിയാതെ പോയതും ടീമിനു തിരിച്ചടിയായി. ഗെയില്‍ പോലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അല്ല ബാറ്റ് വീശിയത്. 65 പന്തുകളാണ് 86 റണ്‍സ് നേടുവാന്‍ ഗെയില്‍ നേരിട്ടത്. കീമോ പോള്‍ രണ്ട് വിക്കറ്റും സൊഹൈല്‍ തന്‍വീര്‍, ക്രിസ് ഗ്രീന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് 16.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ജയം ഉറപ്പാക്കി. 45 പന്തില്‍ നിന്ന് 79 റണ്‍സുമായി പുറത്താകാതെ നിന്ന ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ആണ് കളിയിലെ താരം. ക്രിസ് ഗ്രീന്‍ 25 റണ്‍സ് നേടി ക്രീസില്‍ ഹെറ്റ്മ്യറിനു കൂട്ടായി നിലയുറപ്പിച്ചു. ഷെല്‍ഡണ്‍ കോട്രെല്ലും നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial