രാമനരേഷ് സര്‍വനെതിരെ ക്രിസ് ഗെയില്‍, കൊറോണ വൈറസിനെക്കാള്‍ മോശം

Sports Correspondent

ജമൈക്ക തല്ലാവാസില്‍ നിന്ന് താന്‍ പടിയിറങ്ങുവാന്‍ കാരണം രാമനരേഷ് സര്‍വന്‍ ആണെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. കൊറോണ വൈറസിനെക്കാള്‍ മോശമാണ് രാം നരേഷ് സര്‍വന്‍ എന്നാണ് ഗെയില്‍ പറഞ്ഞത്. തന്നെ തല്ലാവാസില്‍ നിന്ന് പുറത്താക്കുവാന്‍ പരിശ്രമിച്ച അനേകം ആളുകളില്‍ പ്രധാനിയാണ് രാമനരേഷ് സര്‍വന്‍ എന്ന് ഗെയില്‍ വ്യക്തമാക്കി. തന്നോടൊപ്പം കളിച്ചവരാണ് ഇവരില്‍ പലതെന്നും ഒരു വീഡിയോയിലൂടെ ഗെയില്‍ പറഞ്ഞു.

കൊറോണ വൈറസിനെക്കാള്‍ മോശം, പക്വതയില്ലാത്ത താരം, ആളുകളെ പിന്നില്‍ നിന്ന് കുത്തുന്നവന്‍, സര്‍പ്പം എന്നൊക്കെയാണ് സര്‍വനെ ഗെയില്‍ വിളിച്ചത്. തല്ലാവാസ് താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ സെയിന്റ് ലൂസിയ സൗക്ക്സ് താരത്തെ മാര്‍ക്കീ താരമായി സ്വന്തമാക്കി.

ജമൈക്കയില്‍ ഉപ പരിശീലകനായിരുന്ന സര്‍വന്‍ മുഖ്യ കോച്ചായി വരുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതെന്ന് ഗെയില്‍ പറഞ്ഞു. ആളുകളെ കള്ളം പറഞ്ഞ് കൂട്ട് നിര്‍ത്തിയാണ് തനിക്കെതിരെ ഇപ്പോള്‍ പ്രതികാര നടപടിയെടുത്തതെന്നും ഗെയില്‍ പറഞ്ഞു. താന്‍ സര്‍വനോട് മുഖ്യ കോച്ച് ആകുവാനുള്ള അനുഭവസമ്പത്ത് തനിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഗെയില്‍ പറഞ്ഞു.