മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലിയുടെയും രവിശങ്കര്‍ പ്രസാദിന്റെയും സാന്നിധ്യത്തിലാണ് ഗംഭീര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. ഡല്‍ഹിയിലെ ഏതെങ്കിലും ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായ സ്ഥിതിയില്‍ ഗംഭീറിനു സീറ്റ് നല്‍കുവാന്‍ ബിജെപിയില്‍ ശക്തമായ ആവശ്യം ഉയരുന്നുണ്ടെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് തന്റെ 15 വര്‍ഷത്തെ കരിയറിനു സമാപ്തി കുറിച്ച് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അടുത്തിടെ പത്മശ്രീ അവാര്‍ഡും ഗംഭീര്‍ നേടിയിരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അത്ര പുതിയ സംഭവമില്ല. നവ്ജോത് സിംഗ് സിദ്ധു, മുഹമ്മദ് കൈഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, കീര്‍ത്തി ആസാദ് എന്നിവര്‍ ഇതുപോലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വ്യക്തികളാണ്.
രാജ്യത്തിനോടുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് തന്നെ സ്വാധീനിച്ചതെന്നാണ് ഗംഭീര്‍ പറഞ്ഞത്. രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാനുള്ള അനുയോജ്യമായ അവസരമാണ് തനിക്ക് വന്നിരിക്കുന്നതെന്നും ഗംഭീര്‍ കൂട്ടിചേര്‍ത്തു.
ന്യൂ ഡല്‍ഹി ലോകസഭ മണ്ഡലത്തില്‍ താരം സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹം. എന്നാല്‍ ഇതെല്ലാം പാര്‍ട്ടിയുടെ ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണെന്നാണ് അരുണ്‍ ജെയ്റ്റ‍്‍ലി പ്രതികരിച്ചത്. 2014ല്‍ അരുണ്‍ ജെയ്റ്റ്‍ലിയ്ക്ക് വേണ്ടി അമൃത്സറില്‍ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായി ഗൗതം ഗംഭീര്‍ പ്രവര്‍ത്തിച്ചിരുന്നു.