നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഫുട്ബോൾ തിരികെ എത്തുകയാണ്. കൊറോണ കാരണം പുറത്ത് ഇറങ്ങാൻ കഴിയാതെ യാതൊരു വിനോദവുമില്ലാതെ മനം മടുത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് വലിയ ആശ്വാസമായാകും നാളെ ഫുട്ബോൾ എത്തുക. ജർമ്മൻ ലീഗായ ബുണ്ടസ് ലീഗയിൽ നാളെ പന്തുരുളുമ്പോൾ അത് ലോകത്തിന് ഒരു പ്രതീക്ഷ കൂടിയാകും.
നാളെ ആറു മത്സരങ്ങൾ ആണ് ബുണ്ടസ് ലീഗയിൽ നടക്കുക. അതിൽ ഡോർട്മുണ്ടും ഷാൽക്കെയും നേർക്കുനേർ വരുന്ന വമ്പൻ മത്സരവും ഉൾപ്പെടുന്നു. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഡോർട്മുണ്ടിന് കിരീട പോരാട്ടത്തിൽ നിൽക്കാൻ വിജയിച്ചെ മതിയാകു. എങ്കിലും ഡോർട്മുണ്ടിന്റെ ആരാധകക്കൂട്ടം ഇല്ലാത്ത സിഗ്നൽ ഇടുന്ന പാർക്കിൽ ഡോർട്മുണ്ടിന് അവരുടെ പതിവ് പ്രകടനം കാഴ്ചവെക്കാൻ ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
നാളെ ഇന്ത്യൻ സമയം വൈകിട്ട് ഏഴു മണിക്ക് അഞ്ചു മത്സരങ്ങളും രാത്രി 10 മണിക്ക് ഒരു മത്സരവുമാണ് ബുണ്ടസ് ലീഗയിൽ ഉള്ളത്. ബയേൺ മ്യൂണിച്ച് ഞായറാഴ്ച ആണ് കളത്തിൽ ഇറങ്ങുന്നത്. എല്ലാ മത്സരവും തത്സമയം സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും കാണാം. വേറെ എവിടെയും ഫുട്ബോൾ തുടങ്ങാത്തത് കൊണ്ടു തന്നെ ജർമ്മൻ ലീഗിന് ഈ ആഴ്ച റെക്കോർഡ് പ്രേക്ഷകരെ തന്നെ ലഭിച്ചേക്കും.
25 മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 5 പോയന്റിന്റെ ലീഡിൽ ബയേൺ ആണ് ഒന്നാമത് ഉള്ളത്. ഡോർട്മുണ്ടും, ലെപ്സിഗും, ഗ്ലാഡ്ബാചും, ലെവർകൂസനും ഒക്കെ ഇപ്പോഴും കിരീട പ്രതീക്ഷയുമായി ബയേണിന് പിറകിൽ ഉണ്ട്.