രണ്ടാം സീസണിലെ ആദ്യ വിജയവുമായി ആലപ്പി റിപ്പിൾസ്

Newsroom

1000251771
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം : കെസിഎല്ലിൽ അദാനി ട്രിവാൺഡ്രം റോയൽസിനെ മൂന്ന് വിക്കറ്റിന് തോല്പിച്ച് ആലപ്പി റിപ്പിൾസ്. ഈ സീസണിൽ ആലപ്പിയുടെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസ് രണ്ട് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. ഇംപാക്ട് പ്ലേയറായി ഇറങ്ങി ആലപ്പിക്ക് വിജയമൊരുക്കിയ മൊഹമ്മദ് കൈഫാണ് കളിയിലെ താരം.

1000251764

അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ആലപ്പിയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു മൊഹമ്മദ് കൈഫ്. മൊഹമ്മദ് അസറുദ്ദീൻ മടങ്ങിയതോടെ റൺസ് കണ്ടെത്താനാകാതെ തപ്പിത്തടഞ്ഞ ടീമിനെ കൈഫ് ഒറ്റയ്ക്ക് ചുമലിലേറ്റി. 12ആം ഓവറിലായിരുന്നു കൈഫ് ബാറ്റ് ചെയ്യാനെത്തിയത്. അഞ്ച് വിക്കറ്റിന് 85 റൺസെന്ന നിലയിലായിരുന്നു റിപ്പിൾസ്. ജയിക്കാൻ വേണ്ടത് 50 പന്തുകളിൽ 94 റൺസ്. എന്നാൽ സമ്മർദ്ദങ്ങളില്ലാതെ സിക്സുകളിലൂടെ കൈഫ് സ്കോറുയർത്തി. ആറാം വിക്കറ്റിൽ അക്ഷയ് ടി കെയുമായി ചേർന്ന് കൈഫ് 72 റൺസ് കൂട്ടിച്ചേർത്തു. 22 റൺസെടുത്ത അക്ഷയ് മടങ്ങുമ്പോൾ വിജയം 22 റൺസ് അകലെയായിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ പായിച്ച കൈഫ്, റോയൽസിൻ്റെ ബൌളർമാർ വരുത്തിയ പിഴവുകൾ പരമാവധി മുതലെടുക്കുകയും ചെയ്തു. അവസാന ഓവറുകളിൽ അഭിജിത് പ്രവീണും ഫാനൂസ് ഫൈസും തുടരെ നോബോളുകൾ എറിഞ്ഞത് റോയൽസിന് തിരിച്ചടിയായി. ഫ്രീഹിറ്റുകൾ മുതലെടുത്ത കൈഫ് ടീമിനെ വിജയതീരത്തെത്തിച്ചു. 30 പന്തുകളിൽ ഏഴ് സിക്സും ഒരു ഫോറുമടക്കം 66 റൺസുമായി കൈഫ് പുറത്താകാതെ നിന്നു.

നേരത്തെ വലിയൊരു തകർച്ചയോടെ തുടങ്ങിയ ട്രിവാൺഡ്രം റോയൽസിന് ക്യാപ്റ്റൻ കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സാണ് കരുത്തായത്. എം നിഖിലിൻ്റെയും അബ്ദുൾ ബാസിദിൻ്റെയും നിർണ്ണായക സംഭാവനകൾ കൂടി ചേർന്നതോടെയാണ് റോയൽസ് മികച്ച സ്കോർ സ്വന്തമാക്കിയത്. തൻ്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുമായി ആഞ്ഞടിച്ച കൌമാര താരം ആദിത്യ ബൈജു ആലപ്പിയ്ക്ക് മികച്ച തുടക്കമാണ് നല്കിയത്. ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകളിൽ എസ് സുബിനെയും റിയ ബഷീറിനെയും പുറത്താക്കിയതോടെ രണ്ട് വിക്കറ്റിന് എട്ട് റൺസെന്ന നിലയിലായിരുന്നു റോയൽസ്. ഒരു സിക്സറോടെ അക്കൌണ്ട് തുറന്നെങ്കിലും ഇല്ലാത്ത റണ്ണിനായോടി ഗോവിന്ദ് ദേവ് പൈയും നാലാം ഓവറിൽ പുറത്തായി. തകർച്ച മുന്നിൽക്കണ്ട റോയൽസിനെ കൃഷ്ണപ്രസാദും അബ്ദുൾ ബാസിദും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. അബ്ദുൾ ബാസിദ് 30 റൺസെടുത്തു. അവസാന അഞ്ച് ഓവറുകളിൽ കൃഷ്ണപ്രസാദും നിഖിലും ചേർന്നുള്ള കൂറ്റനടികളാണ് റോയൽസിൻ്റെ സ്കോർ 178 വരെയെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ കൃഷ്ണപ്രസാദ് 53 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസുമായി പുറത്താകാതെ നിന്നു. നിഖിൽ 31 പന്തുകളിൽ നിന്ന് 42 റൺസെടുത്തു. അഭിജിത് പ്രവീൺ വെറും നാല് പന്തുകളിൽ രണ്ട് സിക്സടക്കം 12 റൺസുമായി പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റെടുത്ത ബേസിൽ തമ്പിയാണ് റോയൽസ് ബൌളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ ആലപ്പി റിപ്പിൾസ് രണ്ട് പോയിൻ്റ് സ്വന്തമാക്കി.