സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഉഗ്രരൂപം പൂണ്ട് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. സിംബാബ്‍വേ ബൗളര്‍മാരെ കശാപ്പ് ചെയ്ത ഫിഞ്ച് 76 പന്തില്‍ നിന്ന് 172 റണ്‍സ് നേടി ഒരു പന്ത് ശേഷിക്കെ പുറത്തായി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 229 റണ്‍സ് എന്ന സ്കോറിലേക്ക് എത്തിയത്. ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്ത ഡാര്‍സി ഷോര്‍ട്ട് 46 റണ്‍സ് നേടി പുറത്തായി. 4 പന്ത് ശേഷിക്കെയാണ് ഷോര്‍ട്ട് പുറത്തായത്. ഒന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് 223 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഫിഞ്ച് 22 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ചും. ഫിഞ്ച് തന്റെ ഏറ്റവും വേഗതയേറിയ ടി20 ശതകമാണ് ഇന്ന് സ്വന്തമാക്കിയത്. 14ാം ഓവറില്‍ സിംഗില്‍ നേടിയാണ് ഫിഞ്ച് തന്റെ രണ്ടാം ടി20 ശതകം നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സാണ് നേടിയിരുന്നത്.
മോശം ഫീല്‍ഡിംഗും ഓസ്ട്രേലിയന്‍ നായകനു തുണയായി എത്തുകയായിരുന്നു. മൂന്ന് വട്ടം ഫിഞ്ചിന്റെ ക്യാച്ച് സിംബാബ്‍വേ ഫീല്‍ഡര്‍മാര്‍ മത്സരത്തില്‍ കൈവിടുകയായിരുന്നു. 11ാം ഓവറില്‍ ചിബാബയുടെ റിട്ടേണ്‍ ക്യാച്ച് ശ്രമം ആയാസകരമല്ലായിരുന്നുവെങ്കിലും 16ാം ഓവറില്‍ വീണ്ടും ശ്രമകരമായ ഒരു അവസരം സിംബാബ്‍വേ നഷ്ടമാക്കി. അവസാന ഓവറില്‍ എളുപ്പത്തിലുള്ള ഒരവസരവും സിംബാബ്‍വേ കൈവിട്ടു.
എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹിറ്റ് വിക്കറ്റായി ഫിഞ്ച് മടങ്ങിയപ്പോള്‍ 76 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 10 സിക്സും അടക്കം 172 റണ്‍സാണ് ഓസ്ട്രേലിയന്‍ നായകന്‍ ഇന്ന് സ്വന്തമാക്കിയത്. അവസാന ഓവര്‍ എറിഞ്ഞ മുസര്‍ബാനിയ്ക്കാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
