എയ്ൻട്രക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ സെർബിയൻ താരം ഫിലിപ് കോസ്റ്റികിനെ നോട്ടമിട്ട് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ്. പുതിയ ഉടമകളുമായി പ്രീമിയർ ലീഗിൽ പണംവാരിയെറിയാൻ ഉറപ്പിച്ച ന്യൂകാസിൽ ജർമ്മൻ ലീഗിൽ നിന്നും 28കാരനായ സെർബിയൻ താരത്തെ പ്രീമിയർ ലീഗിലെത്തിക്കാനാണ് ശ്രമിക്കുന്നത്. അടിമുടി മാറ്റത്തിനൊരുങ്ങുന്ന ന്യൂകാസിൽ ജനുവരിയിൽ കോസ്റ്റികിനെയും എത്തിക്കുമെന്നാണ് സൂചന. ജർമ്മനിയിൽ ആദ്യം സ്റ്റട്ഗാർടിലും പിന്നീട് ഹാംബർഗിലും കളിച്ച കോസ്റ്റിക് ഫ്രാങ്ക്ഫർട്ടിലാണ് താളം കണ്ടെത്തുന്നത്.
2018ൽ ഒരു സീസൺ നീണ്ട ലോണിൽ ഫ്രാങ്ക്ഫർട്ടിലെത്തിയ കോസ്റ്റിക് അന്നത്തെ ഫ്രാങ്ക്ഫർട്ട് പരിശീലകൻ അഡി ഹട്ട്ലറുടെ കീഴിൽ വിംഗ് ബാക്കായി കളം നിറഞ്ഞു. 34 ലീഗ് മത്സരങ്ങളിൽ ആറ് ഗോളും 14 അസിസ്റ്റുകളും കോസ്റ്റിക് അടിച്ചു കൂട്ടി. ബയേണിന്റെ മുള്ളറിന് പിന്നിലായി ടോപ്പ് ഫൈവ് യൂറോപ്യൻ ലീഗുകളിൽ ഏറ്റവുമധികം ഗോളവസരങ്ങൾ ഒരുക്കുന്ന താരം കൂടിയായി കോസ്റ്റിക്. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുമാണ് കോസ്റ്റികിന്റെ സമ്പാദ്യം. 2023 വരെ ഫ്രാങ്ക്ഫർട്ടിൽ കരാർ ഉണ്ടെങ്കിലും കോസ്റ്റിക് ക്ലബ്ബ് വിടുമെന്നതുറപ്പാണ് .