ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഏക പെനാൽട്ടി ഗോളിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 13 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടാണ് മെസ്സി അർജന്റീനക്ക് ജയം സമ്മാനിച്ചത്. പന്ത് കയ്യടക്കം വക്കുന്നതിലും ഗോൾ ശ്രമങ്ങളിലും ആധിപത്യം നേടിയെങ്കിലും അർജന്റീനക്ക് കൂടുതൽ ഗോളുകൾ കണ്ടത്താൻ ആയില്ല. അതേസമയം കരുത്തരുടെ പോരാട്ടത്തിൽ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഉറുഗ്വേ ജയം കണ്ടത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 39 മത്തെ മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഉറുഗ്വേ ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ അലക്സിസ് സാഞ്ചസിലൂടെ ചിലി സമനില ഗോൾ കണ്ടത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ഇഞ്ച്വറി സമയത്ത് പകരക്കാരൻ ആയി ഇറങ്ങിയ മാക്സിമിലാനോ ഗോമസ് ആണ് ഉറുഗ്വേക്ക് വിജയഗോൾ സമ്മാനിച്ചത്. അതേസമയം പരാഗ്വയെ പെറു മത്സരം 2-2 നു സമനിലയിൽ അവസാനിച്ചു. ആന്ദ്ര കരില്ല 52, 85 മിനിറ്റുകളിൽ പെറുവിനു ആയി വല കുലുക്കിയപ്പോൾ 66, 81 മിനിറ്റുകളിൽ അലഹാഡ്രോ റൊമേരോ ആണ് പരാഗ്വയെക്ക് ആയി സമനില ഗോളുകൾ കണ്ടത്തിയത്.