സെവൻസ് ഫുട്ബോൾ 2019-20 സീസണിൽ ഇനി മത്സരങ്ങൾ നടക്കില്ല എന്ന് ഉറപ്പായി. ഈ അവസരത്തിൽ സെവൻസ് സീസണിലെ അവസാനത്തെ റാങ്കിംഗ് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗിൽ ഈ സീസണിലെ ഒന്നാം സ്ഥാനം ഫിഫാ മഞ്ചേരി സ്വന്തമാക്കി. ഈ സീസണിൽ നടന്ന 399 മത്സരങ്ങൾ അടിസ്ഥാനനാക്കിയാണ് ഈ റാങ്കിംഗ്.
63 മത്സരങ്ങളിൽ 129 പോയന്റുമായാണ് ഫിഫാ മഞ്ചേരി ഒന്നാമത് നിൽക്കുന്നത്. ഇത് ആദ്യമായാണ് ഫിഫാ മഞ്ചേരി ഒരു അഖിലേന്ത്യാ സെവൻസ് സീസണിൽ റാങ്കിംഗിൽ ഒന്നാമത് ആയി ഫിനിഷ് ചെയ്തത്.
ഏഴു ഫൈനലുകൾ കളിച്ചു എങ്കിലും 3 കിരീടങ്ങൾ മാത്രമെ ഫിഫയ്ക്ക് ഈ സീസണിൽ നേടാൻ ആയുള്ളൂ എന്നത് റാങ്കിംഗിൽ ഒന്നാമത് നിൽക്കുമ്പോഴും അവർക്ക് നിരാശ നൽകും. 113 പോയന്റുമായി റോയൽ ട്രാവൽസ് ആണ് ഫിഫാ മഞ്ചേരിക്ക് പിറകിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്. റോയലിന് നാലു കിരീടങ്ങൾ ഉണ്ട്. അവരാണ് സീസണിൽ ഏറ്റവും കൂടുത കിരീടം നേടിയത്.
105 പോയന്റുമായി സബാൻ കോട്ടക്കൽ മൂന്നാമത് ഫിനിഷ് ചെയ്തു.. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവർ നാലും, അഞ്ചു സ്ഥാനങ്ങളിലും നിൽക്കുന്നു. ഫാൻപോർട്ട് അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് തുടങ്ങിയിട്ട് നാലാം സീസണാണ് ഇപ്പോൽ പൂർത്തിയായത്. 2016-17 സീസണിൽ അൽ മദീനയും, 2017-18 സീസണിൽ റോയൽ ട്രാവൽസും, 2018-19 സീസണിൽ സബാൻ കോട്ടക്കലുമാണ് ഒന്നാമത് ഫിനിഷ് ചെയ്തിരുന്നത്.