കുരിറ്റിബ: ബ്രസീലിയൻ മിഡ്ഫീൽഡർ ഫെർണാണ്ടിഞ്ഞോ 40-ാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കായി അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ഷാക്തർ ഡൊണെറ്റ്സ്കിനായി ആറ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ 23 വർഷം നീണ്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കരിയറിനാണ് ഇതോടെ വിരാമമായത്.

അത്‌ലെറ്റിക്കോ പരാനെൻസെയിൽ കരിയർ ആരംഭിച്ച് അവിടെത്തന്നെ അവസാനിപ്പിച്ച ഫെർണാണ്ടിഞ്ഞോ, 2013 മുതൽ 2022 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു നിർണായക കളിക്കാരനായിരുന്നു. ബ്രസീലിനൊപ്പം കോപ്പ അമേരിക്ക കിരീടം നേടുകയും 53 സീനിയർ മത്സരങ്ങളിൽ രാജ്യത്തിനായി ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഫുട്ബോൾ ശക്തികേന്ദ്രമായി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു താരമായിരുന്നു.
ഫുട്ബോളിലെ തൻ്റെ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കിയെന്നും ഇനി കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫെർണാണ്ടിഞ്ഞോ പറഞ്ഞു.














