എത്ര മനോഹരമായ കഥയാണ്, ഒരിക്കൽ ബോൾ ബോയി ആയി നിന്ന ഒരു കുട്ടി ആ ടൂർണമെന്റിൽ കിരീടം നേടുക എന്നത്. ഒരിക്കൽ അല്ല 10 പ്രാവശ്യം. ലോകത്ത് ഏതൊരാൾക്കും പ്രചോദനം ആവുന്ന ആ ചരിത്രം കുറിച്ചത് മറ്റാരുമല്ല സാക്ഷാൽ റോജർ ഫെഡറർ തന്നെയാണ്. സ്വന്തം നാട്ടിൽ സ്വിസ് ഇൻഡോർ ബേസൽ എ.ടി.പി 500 ടൂർണമെന്റിന്റെ 50 താം വാർഷികത്തിൽ തന്റെ 15 ഫൈനലിൽ 10 കിരീടം ആണ് ഫെഡറർ ഇന്നുയർത്തിയത്. ഏതെങ്കിലും ഒരു ടൂർണമെന്റിൽ 15 തവണ ഫൈനലിൽ എത്തുന്ന ആദ്യ താരമായ ഫെഡറർ യുവ താരം 20 കാരനായ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനോറിനെയാണ് ഫൈനലിൽ മറികടന്നത്. ഫെഡറർക്ക് എതിരെ ആദ്യ മത്സരത്തിനു ഇറങ്ങിയ ഡി മിനോർക്ക് പക്ഷെ ഫെഡറർക്ക് വലിയ വെല്ലുവിളി ആവാൻ സാധിച്ചില്ല. ഫെഡററിന്റെ കരിയറിലെ 103 കിരീടം കൂടിയായി ഇത്.
ആദ്യ സെറ്റിൽ ആദ്യ സർവീസ് നിലനിർത്താൻ ഫെഡറർ ബുദ്ധിമുട്ടിയെങ്കിലും ഡി മിനോറിന്റെ രണ്ടാം സർവീസ് തന്നെ ഭേദിച്ച ഫെഡറർ നയം വ്യക്തമാക്കി. ഒരിക്കൽ കൂടി ഫെഡറർ ഡി മിനോറിന്റെ സർവീസ് ഭേദിച്ച ഫെഡറർ ആദ്യ സെറ്റ് 6-2 നു 35 മിനിറ്റിനുള്ളിൽ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഡി മിനോറിന്റെ ആദ്യ സർവ്വീസ് തന്നെ ഭേദിച്ച ഫെഡറർ കിരീടം കയ്യെത്തും ദൂരെയാക്കി. ആദ്യ സെറ്റിന് സമാനമായ രീതിയിൽ വീണ്ടുമൊരിക്കൽ കൂടി ഡി മിനോറിന്റെ സർവ്വീസ് ഭേദിച്ച ഫെഡറർ 6-2 നു രണ്ടാം സെറ്റും മത്സരവും ബേസലിലെ പത്താം കിരീടവും സ്വന്തമാക്കി. വെറും ഒരു മണിക്കൂർ 8 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ സെമിഫൈനലിൽ സ്റ്റിസിപാസിനെ മറികടന്ന ഫോമിൽ തന്നെയായിരുന്നു ഫെഡറർ ഫൈനലിലും. കിരീടം ഏറ്റുവാങ്ങിയ ശേഷം വളരെ വികാരീതനായി കാണപ്പെട്ട ഫെഡറർ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കിരീടം ആണെന്നും കൂട്ടിച്ചേർത്തു.