ഇ.എസ്.പി.എനു നൽകിയ അഭിമുഖത്തിൽ തന്റെ മനസ്സ് തുറന്ന് മുൻ ലോക ഒന്നാം നമ്പർ താരവും 7 തവണ ഗ്രാന്റ് സ്ലാം കിരീടവും ഉയർത്തിയ അമേരിക്കൻ ടെന്നീസ് ഇതിഹാസം ജോൺ പാട്രിക് മകെൻറോ. ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ടെന്നീസ് യുഗത്തിലൂടെയാണ് ലോകം കടന്ന് പോകുന്നത് എന്നു പറഞ്ഞ അദ്ദേഹം ഇതിനു മുമ്പ് ഇത് പോലൊരു യുഗം ടെന്നീസിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ ടെന്നീസ് താരങ്ങൾ ആയാണ് താൻ ഫെഡറർ, നദാൽ, ദ്യോക്കോവിച്ച് എന്നിവരെ കാണുന്നത് എന്നു പറഞ്ഞു അദ്ദേഹം. ഓഗസ്റ്റിൽ 38 വയസ്സ് തികയുന്ന ഫെഡറർ കളിക്കും പോലെ ആ പ്രായത്തിൽ ടെന്നീസ് കളിക്കാൻ ദ്യോക്കോവിച്ചിനു ആവുമെങ്കിൽ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ടെന്നീസ് താരമായി ദ്യോക്കോവിച്ച് വിലയിരുത്തപ്പെടുമെന്നും മകെൻറോ കൂട്ടിച്ചേർത്തു.
സമ്മർദങ്ങളെ അതിജീവിക്കാൻ പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്ന ഫെഡറർ, നദാൽ, ദ്യോക്കോവിച്ച് എന്നീ മൂന്ന് താരങ്ങളും കളത്തിൽ എല്ലാം നൽകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ 60 വയസ്സിനിടയിൽ ഒരുപാട് ടെന്നീസ് മത്സരങ്ങൾ കളിക്കുകയും കാണുകയും ചെയ്ത താരമെന്ന നിലയിൽ താൻ കണ്ടതിൽ 2008 ലെ വിംബിൾഡൺ ഫൈനൽ ആണ് ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ ടെന്നീസ് മത്സരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ൽ 5 സെറ്റ് നീണ്ട ആ മാരത്തോൺ ഫൈനലിൽ ഫെഡററെ മറികടന്ന് നദാൽ ആണ് കിരീടം ചൂടിയത്. ഇരു താരങ്ങളെയും പ്രകീർത്തിച്ച മകെൻറോ നദാലിന്റെ ശാരീരിക ക്ഷമതയും പോരാട്ടവീര്യവും അവിസ്മരണീയമാണെന്ന് പറഞ്ഞപ്പോൾ ഈ പ്രായത്തിലും ഒരു കലാകാരൻ എന്ന പോലെ ടെന്നീസ് കളിക്കാനും പൊരുതാനും ഫെഡറർക്ക് ആവുന്നത് ഒരു അത്ഭുതം തന്നെയാണെന്നും കൂട്ടിച്ചേർത്തു.