ഇനി ഒരു രണ്ടാം പാദ സെമി വേണ്ടതുണ്ടോ എന്ന് മുംബൈ സിറ്റി ആരാധകർ ചോദിക്കുന്നുണ്ടാകും. അതെ ഇന്ന് മുംബൈയിൽ സെമി ഫൈനലിന്റെ ആദ്യ പാദം കഴിഞ്ഞപ്പോൾ തന്നെ എഫ് സി ഗോവ ഫൈനൽ ഉറപ്പിച്ചതു പോലെ ആയിരിക്കുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് എഫ് സി ഗോവ സ്വന്തമാക്കിയത്.
തുടക്കത്തിൽ റാഫേൽ ബാസ്റ്റോസ് നേടിയ ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു എഫ് സി ഗോവയുടെ ശക്തമായ തിരിച്ചടി. ജാക്കി ചന്ദിന്റെ ടാപിന്നും ഫാളിന്റെ ഹെഡറും ആദ്യ പകുതിയിൽ തന്നെ എഫ് സി ഗോവയെ 2-1ന് മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഒട്ടും ഡിഫൻഡ് ചെയ്യാൻ നിക്കാതെ എഫ് സി ഗോവ അറ്റാക്കിംഗ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോറോയുടെ ഹെഡറിലൂടെ ഗോവ 3-1ന് മുന്നിൽ എത്തി.
58ആം മിനുട്ടിൽ ഫാളിന്റെ മറ്റൊരു ഗോൾ. സ്കോർ 4-1. എന്നിട്ടും ഗോവ നിർത്തിയില്ല. 82ആം മിനുട്ടിൽ ബ്രാൻഡൺ ഫെർണാണ്ടസിലൂടെ അഞ്ചാം ഗോളും ഗോവ നേടി. ഈ സീസണിൽ തന്നെ ഇത് രണ്ടാം തവണയാണ് എഫ് സി ഗോവ മുംബൈ സിറ്റിക്കെതിരെ അഞ്ചു ഗോളുകൾ അടിക്കുന്നത്. ഈ സീസണിൽ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 11 ഗോളുകളാണ് പിറന്നത്.
ഇനി ഗോവയിൽ വെച്ച് രണ്ടാം പാദം നടക്കാൻ ഉണ്ടെങ്കിലും കാര്യമായ പ്രതീക്ഷ ഇനി മുംബൈക്ക് ഉണ്ടാവില്ല. എഫ് സി ഗോവ ഇനി ഫൈനൽ എത്താതിരിക്കണമെങ്കിൽ ഫുട്ബോളിൽ ഇതുവരെ നടക്കാത്ത അത്ഭുതങ്ങൾ നടക്കേണ്ടി വരും.