ഇതോ ഫുട്ബോൾ ആരാധകർക്ക് നൽകേണ്ടത്, ഗോവയിൽ ഇന്നലെ നടന്നത് ദാരുണ സംഭവം

Newsroom

ഇന്നലെ എഫ് സി ഗോവയും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിനു ശേഷം സംഭവിച്ചത് ദാരുണമായ കാര്യങ്ങൾ ആയിരുന്നു. എഫ് സി ഗോവയുടെ അരാാധകനായ ഒരു കുട്ടിക്കും അവന്റെ രക്ഷിതാക്കൾക്ക് സ്റ്റേഡിയത്തിൽ വെച്ച് നേരിടേണ്ടി വന്ന ആക്രമണങ്ങൾ ഫുട്ബോൾ ലോകത്തിന് തന്നെ വേദനയാകുന്നു. ഇന്നലെ മത്സര ശേഷം സമ്മാനദാന ചടങ്ങിന്റെ സമയത്താണ് വിദ്യാർത്ഥി ആയ ഗോവൻ ആരാധകൻ പോലീസിനാലും വളണ്ടിയേർസിനാലും ആക്രമിക്കപ്പെട്ടത്.

കുട്ടി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു എന്ന് കാണിച്ചാണ് പ്രായം പോലും നോക്കാതെ കുട്ടിയെ മർദ്ദിച്ചത്. എന്നാൽ ദൃക്സാക്ഷികളായവർ പറയുന്നത് ഗ്രൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചു എന്നതിന് കുട്ടിയെ വലിച്ച് ഗ്രൗണ്ടിലേക്ക് കൊണ്ടു പോയി പോലീസും വളണ്ടിയേർസും മർദ്ദിക്കുകയാണ് ഉണ്ടായത് എന്നാണ്. കുട്ടിയെ സംരക്ഷിക്കാൻ രംഗത്ത് വന്ന രക്ഷിതാക്കളും ക്രൂര മർദ്ദനത്തിന് ഇരകളായി.

കുട്ടിയും കുടുംബാംഗങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. ഇന്നലെ പരിക്കേറ്റ കുട്ടിക്ക് ആദ്യം ചികിത്സയും നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് സ്റ്റേഡിയത്തിൽ ബാക്കിയുള്ളവർ പ്രതിഷേധിച്ചപ്പോൾ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സ നൽകുകയുമായിരുന്നു. ഗ്രൗണ്ടിൽ കയറിയില്ല എന്ന് ദൃക്സാക്ഷികൾ തന്നെ പറയുന്നുണ്ട്. എങ്കിലും ഗ്രൗണ്ടിൽ കയറിയാൽ തന്നെ ആരെയും മർദ്ദിക്കാൻ ഒരു പോലീസിനും വളണ്ടിയർക്കും അവകാശമില്ല. അതും ഒരു കുട്ടിയെ. ഗോവൻ ആരാധകർ പറയുന്നു.

ഇതു സംബന്ധിച്ച് ക്ലബ് ഔദ്യോഗിക കുറിപ്പും ഇന്ന് ഇറക്കി. ഒരു ആരാധകരെയും ആക്രമിക്കുന്നതിനൊപ്പം ക്ലബിന് നിൽക്കാൻ കഴിയില്ല എന്നും എല്ലാ ആരാധകരും സുരക്ഷിതരാണെന്ന് ക്ലബ് ഇനി ഉറപ്പിക്കും എന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.