ഈ സീസണിൽ ഒരു വിജയം വരെ ഇല്ലാത്ത ഡെൽഹി ഡൈനാമോസിന് ഇന്ന് ആദ്യ വിജയം ലഭിക്കുമെന്ന് 71ആം മിനുട്ട് വരെ തോന്നിയിരുന്നു. എന്നാൽ രണ്ട് തവണ ലീഡ് എടുത്തിട്ടും ഒരു പോയന്റുമില്ലാതെ ഗോവയിൽ നിന്ന് മടങ്ങാനായിരുന്നു ഡെൽഹിയുടെ വിധി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോവയുടെ ഇന്നത്തെ ജയം. നിരവധി അവസരങ്ങൾ തുലച്ചതാണ് ഡെൽഹി ഇന്നും തോൽക്കാനുള്ള കാരണം.
കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ ഡെൽഹി ഇന്ന് ലീഡ് എടുത്തിരുന്നു. മധ്യനിര താരം ബിക്രംജിത് സിംഗാണ് ഗോവൻ വല ചലിപ്പിച്ചത്. കാർമോണയുടെ പാസിൽ നിന്നായിരുന്നു ബിക്രംജിതിന്റെ ഗോൾ. കളിയിൽ ആദ്യ പകുതിയിൽ തന്നെ മൂന്നോ നാലോ ഗോളിന് മുന്നിൽ എത്താൻ ഡെൽഹിക്ക് ആകുമായിരുന്നു. അത്രയ്ക്ക് അവസരങ്ങൾ ഡെൽഹി സൃഷ്ടിച്ചിരുന്നു. മികച്ചൊരു സ്ട്രൈക്കർ ഇല്ലാത്തത് ഡെൽഹിക്ക് വിനയായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവ സമനില ഗോൾ നേടി. 54ആം മിനുട്ടിൽ എഡു ബേഡിയ ആണ് നല്ലൊരു സ്ട്രൈക്കിലൂടെ സമനില നേടിക്കൊടുത്തത്. സമനില വന്ന ശേഷം വീണ്ടും കളി ഡെൽഹിയുടെ കയ്യിലായി. നിരവധി അവസരങ്ങൾ വീണ്ടും ഡെൽഹി സൃഷ്ടിച്ചു. 70ആം മിനുട്ടിൽ വീണ്ടും ലീഡ് എടുക്കാൻ ഡെൽഹിക്കായി. ചാങ്തെ ആണ് ഡെൽഹിയുടെ രണ്ടാം ഗോൾ നേടിയത്. നന്ദകുമാറിന്റെ ഒരു പാസ് വലയിലേക്ക് അടിക്കേണ്ട കാര്യമെ ചാങ്തയ്ക്ക് ഉണ്ടായിരുന്നു.
2-1ന് മുന്നിൽ എത്തിയ ശേഷവും സുവർണ്ണാവസരങ്ങൾ വന്നു. പക്ഷെ ഡെൽഹി മുതലാക്കിയില്ല. അതിനുള്ള വില ഡെൽഹി നൽകി. 82ആം മിനുട്ടിൽ ബ്രാണ്ടന്റെ ഒരു ലോംഗ് റേഞ്ചറിൽ ഗോവയ്ക്ക് വീണ്ടും സമനില. ബ്രാണ്ടന്റെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. അതിൽ തളർന്ന ഡെൽഹി പിന്നെ തിരിച്ചുവന്നില്ല. 89ആം മിനുട്ടിൽ എഡു ബേഡിയയുടെ ഗോളിലൂടെ ഗോവ ജയവും ഉറപ്പിച്ചു.
ഡെൽഹിക്ക് തങ്ങളുടെ ആദ്യ ജയം എന്ന സ്വപ്നമാണ് ഇന്ന് വീണ്ടും നഷ്ടമായത്. ലീഗിലെ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു ജയം ഡെൽഹിക്കില്ല. എട്ടു മത്സരങ്ങളിൽ 4 പോയന്റ് മാത്രമാണ് ഡെൽഹിക്ക് ഉള്ളത്. ഇന്നത്തെ ജയത്തോടെ 6 മത്സരങ്ങളിൽ 13 പോയന്റുമായി ഗോവ ലീഗിൽ ഒന്നാമത് എത്തി